“ഒരു മികച്ച കഥാസമാഹാരം എന്നത് വെറുമൊരു കൂട്ടം ചെറുകഥകൾ ഒരുമിച്ച് ചേർത്തുവെച്ച പുസ്തകം മാത്രമല്ല; മറിച്ച് വായനക്കാർക്ക് വൈവിധ്യമാർന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു ആന്തരികാനുഭവം നൽകുന്ന കൃതിയായിരിക്കണം. വായനക്കാരെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും, വായന അവസാനിച്ച ശേഷവും അവരുടെ മനസ്സിൽ ചിന്തകളും വികാരങ്ങളും ബാക്കിവെക്കാനും സാധിക്കുന്ന കഥകളുടെ ക്രിയാത്മകമായ സമാഹാരത്തെയാണ് നല്ലൊരു കഥാസമാഹാരം എന്ന് നിർവചിക്കാൻ സാധിക്കുന്നത്.”
മാഞ്ഞുപോകാത്ത ഓർമ്മകളായി ജ്വലിച്ചുകൊണ്ടിരിക്കുന്ന സമകാലീന ജീവിതാവസ്ഥകളുടെ മനോഹരമായ പതിനഞ്ച് കഥകളുടെ സമാഹാരമാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച, പ്രിയ കഥാകാരി ചന്ദ്രമതിയുടെ ‘വാണ്ടർലസ്റ്റ്’ എന്ന പുസ്തകം.
‘വാണ്ടർലസ്റ്റ്’ എന്നത് ലോകം മുഴുവൻ ചുറ്റിക്കാണാനും പുതിയ സ്ഥലങ്ങളും സംസ്‌കാരങ്ങളും അനുഭവിച്ചറിയാനുമുള്ള അടക്കാനാവാത്ത ആഗ്രഹത്തെ സൂചിപ്പിക്കുന്ന പദമാണ്. പുറമേയ്ക്കുള്ള യാത്രകൾക്കപ്പുറം മനുഷ്യ മനസ്സിന്റെ സങ്കീർണ്ണമായ തലങ്ങളിലേക്കും വേറിട്ട ആന്തരിക തലങ്ങളിലേക്കും നടത്തുന്ന തികച്ചും വ്യത്യസ്തമായ ഒരു യാത്രയായതിനാൽ തന്നെ ഈ കഥാസമാഹാരത്തിന് ഏറ്റവും യോജിച്ച പേരുതന്നെയാണിത്.
