ഒറ്റൊരു ജീവിതം മുന്നിൽ കണ്ട് ജീവിക്കുന്നവരിൽ ഒരാളാണ് പ്രാശാന്തും. പ്രായോഗിക ജീവിതമെന്ന പ്രഹേളികയിലേക്ക് എടുത്തെറിയപ്പെട്ടവരിൽ ഒരാൾ. അന്നും പതിവ് പോലെ ഉറക്കമുണർന്ന പ്രശാന്തിന് ഇന്നലെയെയോ പരിസരമോ ഓർമിക്കാനാവാത്ത വിധം ഉറക്കച്ചടവുണ്ടായിരുന്നു. പതിവ് പോലെ ആദ്യം അടുക്കളയിലേക്ക് ചെന്ന അയാൾക്ക് കണ്ട കാഴ്ചയെ അവിടെ നിറുത്തി ഒരു നിമിഷം ഇന്നലയിലേക്ക് സഞ്ചരിക്കേണ്ടി വന്നു. ഇന്നലെ വൈകുന്നേരം... ശനിയോ ഞായറോ? ഓർമ്മയില്ല.
ദേവകിയമ്മ റേഡിയോയിൽ വാർത്ത കേൾക്കുന്നു. ആമി പഠിക്കുന്നു, നിജ ആമിക്ക് പുസ്തകം പൊതിയുന്നു. ഇതിനപ്പുറം ഉള്ള ഓർമ്മയിൽ അതൊരു നല്ല അന്തരീക്ഷമായിരുന്നു. നല്ല മകളാണ് ആമി. നല്ല അമ്മയും ഭാര്യയുമാണ് നിജ. എന്റെ അമ്മ ദേവകി. ഇതെല്ലാം താനപ്പോൾ കസേരയിൽ ഇരുന്ന് ആലോചിച്ചിരുന്നു ഇന്നലെ. വെറും ആലോചനയല്ല ആസ്വദിക്കുകയായിരുന്നു. അപ്പോൾ കേട്ട വാർത്ത ഓർമ്മിച്ചു. ഇന്ന് രാത്രി ഒൻപത് മണിയോടെ കൊള്ളിമീനുകൾ ആകാശത്തു പ്രത്യക്ഷപ്പെട്ടേക്കാം. ആ വാർത്തയിൽ പ്രശാന്തിന്റെ ശ്രദ്ധ ഉടക്കി. ഭൗതികശാസ്ത്രം വിഷയമാക്കി പഠിച്ചതുകൊണ്ടാവും പ്രശാന്തിന് ആ വാർത്തയിൽ കൗതുകവും ജിജ്ഞാസയും തോന്നി. ഇത്തരം ആകാശപഠനങ്ങൾ മുമ്പ് എപ്പോഴോ നടത്തിയിരുന്നു. ഉൽക്കകളും ആകാശ ഗോളങ്ങളും എന്ന വിഷയം മാർത്ത മാർഗരറ്റിന്റെ ഫ്ലയിങ് ടെമ്പ്ൾസ് എന്ന പുസ്തകത്തിലെ ഒരു പ്രധാന ഭാഗം തന്നെയായി ഉണ്ട്. ആ പുസ്തകം കണ്ടെത്തലായിരുന്നു അടുത്ത ജോലി. അതും ഓർമിക്കുന്നു.
പ്രശാന്ത് പഴേ ഷെൽഫിൽ നിന്നും പുസ്തകങ്ങൾ ഓരോന്നായി എടുത്ത് ഫ്ലയിങ് ടെമ്പ്ൾസ് അന്വേഷിക്കാൻ തുടങ്ങി. പുസ്തകക്കെട്ടുകൾ ഓരോന്നായി മേശപ്പുറത്തേക്ക് വയ്ക്കുന്ന സമയത്ത് ആമി ഓടിയെത്തി. നാലാംക്ലാസുകാരിയായ ആമിക്ക് പുസ്തകങ്ങളുടെ പുറംചട്ടകൾ നോക്കുന്നതിലായി ആകാംക്ഷ. അവൾ ഓരോന്നായി എടുത്തും മറിച്ചും നോക്കി ഓരോ സംശയങ്ങളും ചോദ്യങ്ങളുമായി അവിടെ തന്നെ നിന്നു. കെട്ടുകളിലൊന്നും തന്നെ അന്വേഷിക്കുന്ന പുസ്തകം കാണുന്നില്ല. ഒലിവ് നിറത്തിലെ പുറംചട്ടയോട് കൂടിയ ഒരു പുസ്തകത്തിലായി ആമിയുടെ ശ്രദ്ധ. അവളത് തുറന്നതും പ്രശാന്ത് അത് വാങ്ങി. പൊടുന്നനെയുള്ള വാങ്ങലിൽ ആമി ചിണുങ്ങി കരയാൻ തുടങ്ങി. വേണ്ടായിരുന്നെന്ന് പ്രശാന്തിനും തോന്നി പോയി.
