റോഡിന് ഇരുവശവും അഞ്ഞൂറ് മീറ്ററോളം വീടുകളാണ്. മുപ്പതു വർഷത്തിലധികം പഴക്കമുള്ള കോൺക്രീറ്റ് ഭവനങ്ങൾ. അറുപതിലധികം ഉണ്ട്. രണ്ടെണ്ണം ഈ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞു, ഇടയ്ക്കുള്ള മതിൽ ഒഴിവാക്കി ഒറ്റ പറമ്പാക്കിയിരിക്കുന്നു. ഗോഡൗൺ തുടങ്ങാനാണെന്ന് കേൾക്കുന്നു.
പകുതിയിലധികം വീടുകളും ഉപേക്ഷിക്കപ്പെട്ടപോലെ മനുഷ്യവാസമില്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുറ്റവും തൊടിയും കരിയിലകളും മറ്റും കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ്. കടുത്ത വേനലിനു ശേഷം അവിടേക്ക് വളരെ പതുക്കെയാണ് പച്ചപ്പ് പടരുന്നത്. മഴക്കാലം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം അത് മുറ്റവും കഴിഞ്ഞ് വരാന്ത വരെ എത്തി നിൽക്കും. ആളുകളൊഴിഞ്ഞ് ഏറെ നാളുകളായെന്ന് വഴിയേ പോകുന്നവരെ അറിയിക്കാൻ വേണ്ടിയെന്നപോലെ.
തുരുമ്പിച്ച് പൊട്ടിപ്പോവാറായ ഗേറ്റ് കടന്ന് ആ പുരയിടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഓർമ്മപഴകിയ സ്വപ്നത്തിൽ എത്തിയതായി അനുഭവപ്പെട്ടു. അതിൻ്റെ നിറവും മണവും കാഴ്ചയും മറ്റേതോ കാലത്തിലേക്ക് നയിച്ചു. വല്മീകങ്ങൾ മണ്ണിൽ പണിത ആദിമ ശിൽപ്പങ്ങൾ പോലെ അവിടവിടെ ഉയർന്നു നിന്നു. വീടുകളിലെ ചായം മഴയിലും വെയിലിലും വഴങ്ങി മറ്റൊരു നിറക്കൂട്ടിലേക്ക് മാറിയിരുന്നു. പായലുകൾ പുറം ചുമരുകളിൽ അമൂർത്ത ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു. ജനൽപാളികൾ ചിലത് തുറന്നും ചിലത് ചില്ലുകൾ പൊട്ടിയും കിടന്നു. ചില വീടുകളുടെ മേൽക്കൂര കോൺക്രീറ്റ് ചെറിയ പാളികളായി അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. കണ്ണീർ തുള്ളികളെ പോലെ മഴവെള്ളം അകത്തേയ്ക്ക് ഇറ്റു വീഴുന്ന വീടുകളും കുറവല്ല. കിളികൾ കൊത്തിക്കൊണ്ടിട്ടതും കാറ്റിൽ പറന്നു വന്നതുമായ വിത്തുകൾ മുളച്ച് മരത്തൈകൾ ചില വീടുകൾക്ക് മുകളിൽ വളർന്നു. വർഷവും വേനലും മഞ്ഞുകാലവും മനുഷ്യരില്ലാത്ത വീടുകളിൽ കയറിയിറങ്ങി. അകത്ത് ഉപേക്ഷിക്കപ്പെട്ട മര കട്ടിലുകൾ തീൻ മേശകൾ പൂപ്പലുകൾ നിറഞ്ഞ് വരാനില്ലാത്തവരെ കാത്തിരുന്നു. ചിതൽ ചുമരുകളിൽ മൺകോലങ്ങൾ തീർത്തു, ഉറുമ്പുകൾ നിരന്തരം നിർബാധം ജാഥ നടത്തി. അടഞ്ഞു കിടന്ന വാതിലുകളുടെ പൂട്ടുകളിൽ തുരുമ്പും ക്ലാവും ചിത്രങ്ങൾ വരച്ചു.
