അഞ്ചരയ്ക്കുള്ള രാജൻ ബസ് ഇന്നും വൈകി. അത് പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ശാരദ ബസ് സ്റ്റോപ്പിനോട് ചേർന്ന് തന്നെയുള്ള ചായക്കടയിലേക്ക് കണ്ണു നട്ടു. അപരിചതരായ പല മുഖങ്ങൾ തിക്കി തിരക്കിയും ആനന്ദിച്ചും ചിന്തകളിലാണ്ടും വികാരപരിവശരായും അല്ലാതേയും ചായലഹരിയിൽ മുഴുകുന്നു. തന്റെ ഭാരമേറിയ ഭാണ്ഡക്കെട്ട് കടയുടെ ഓരത്ത് വെച്ച് അവളൊരു ചായ പറഞ്ഞു.
ചായ ഊതിക്കുടിക്കുമ്പോഴും അവളുടെ ഉള്ളിൽ ആധിയായിരുന്നു. നേരം വൈകിയിട്ടും ഭാണ്ഡത്തിലെ സാധനങ്ങൾ മുഴുവനും വിറ്റുതീർന്നിട്ടില്ല. കാൽപാദങ്ങളിലെ മുഴ വീർത്ത് വേദന അസഹ്യമായിരിക്കുന്നു. ചെരുപ്പിടാൻ പോലും പറ്റാത്ത അവസ്ഥ. ചീറിപ്പായുന്ന വാഹനങ്ങളിലേക്ക് നോക്കി അവൾ ഓരോന്ന് ചിന്തിച്ചു. ഈയിടെയായി കാലാവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു; സന്ധ്യയായിട്ടും ചൂടിന് ഒരു കുറവുമില്ല. എങ്ങനെയെങ്കിലും വീടെത്താൻ വെമ്പുന്ന മനുഷ്യക്കൂട്ടത്തെ നോക്കി അവളൊന്ന് മന്ദഹസിച്ചു.
ബസ് സ്റ്റോപ്പിന് പിന്നിലെ വലിയ ഫ്ലക്സ് ബോർഡിന് മറവിൽ ഒരു കറുത്ത രൂപം തന്നെ നിരീക്ഷിക്കുന്നതായി അവൾക്ക് തോന്നി. തല വരെ മൂടിയ കറുത്ത കുപ്പായത്തിനുള്ളിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ! ഭയം തോന്നിയ അവൾ പെട്ടെന്ന് നോട്ടം പിൻവലിച്ച് തിരിഞ്ഞുനിന്നു. ഒഴിഞ്ഞ ചായ ഗ്ലാസ് വാങ്ങുന്നതിനിടെ കഴുത്തിൽ നിന്നും നെഞ്ചിലേക്ക് ഊർന്നിറങ്ങിയ വിയർപ്പു തുള്ളികളെ നോക്കി വെള്ളമിറക്കുന്ന ചായക്കടക്കാരനെ രൂക്ഷമായി നോക്കി കയ്യിലുണ്ടായിരുന്ന പത്ത് രൂപ തുട്ട് അവൾ വലിയ ശബ്ദത്തിൽ മേശയിൽ വെച്ചു. അപ്പോഴേക്കും രാജൻ ബസ് വലിയ ശബ്ദം മുഴക്കിയെത്തിയിരുന്നു. ആ കറുത്ത രൂപത്തെ ഇപ്പോ അവിടെങ്ങും കാണാനില്ല. അവൾക്ക് എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. വലിയ തിരക്കില്ലാഞ്ഞതിനാൽ ഇന്ന് അവൾക്ക് സീറ്റ് കിട്ടി. കഴുകൻ കണ്ണുകൾ പലപ്പോഴായി പല രൂപത്തിൽ അവളിലേക്കെത്തുമ്പോഴും കാലിൽ നിന്നുള്ള അസഹ്യമായ വേദനയിൽ അവളുടെ മനസ്സ് പതറുകയായിരുന്നു. ബസിറങ്ങി അരകിലോമീറ്ററോളം നടന്നു വേണം വീട്ടിലെത്താൻ. തന്നേക്കാൾ വലിയ ഭാരമേറിയ ഭാണ്ഡവും തൂക്കി അത്രയും ദൂരം നടക്കുന്നത് കടുപ്പമേറിയതാണെങ്കിലും അവളത് കാര്യമാക്കാറില്ല. അന്നാട്ടുകാർക്ക് അതൊരു സ്ഥിരം കാഴ്ചയാണ്.
