ചുട്ടുപൊള്ളുന്ന വേനലിൽ കിണറുകളും കുളങ്ങളും വറ്റി വരണ്ട ഒരു മീനമാസപ്പുലരി. അമ്പരപ്പിക്കുന്ന ആ വാർത്ത കേട്ടാണ് കുറവൻകുന്നിന് താഴെയുള്ള കോരുത്തോട് ഗ്രാമം ഞെട്ടിയുണർന്നത്— "മറിയുമ്മുന് ജിന്നേറ്റത്രേ!"
പാത്തുമ്മുത്താത്തന്റെ ചായക്കടയിലും അലിക്കാന്റെ പലചരക്ക് കടയിലുമെന്നല്ല, കോരുത്തോടിന് മുകളിലൂടെ പറന്നുപോയ കാക്കയുടെ കാതിൽ വരെ ആ വാർത്തയെത്തി. ഗ്രാമത്തിലെ പെണ്ണുങ്ങളെക്കൊണ്ട് പുത്തൻ കുപ്പായമിടീക്കുന്ന തങ്കത്തിന്റെ ടൈലർ ഷോപ്പിലെ പ്രധാന സംസാരവിഷയവും ആ ജിന്ന് ബാധയായി മാറി. കുടിവെള്ളത്തിനായി പൈപ്പിൻചുവട്ടിൽ ക്യൂ നിൽക്കുന്നവരുടെ ഇടയിലും മറ്റൊന്നും ചർച്ച ചെയ്യാനുണ്ടായിരുന്നില്ല.
മറിയുമ്മു... ഇടയ്ക്കിടെ നൊസ്സ് മൂക്കുമ്പോൾ ഏർവാടിക്ക് വണ്ടി കയറുന്ന ഹസ്സൻകാക്കയുടെ ഒരേയൊരു മോൾ. കല്യാണപ്രായമൊക്കെ കടന്നുപോയിട്ടും, ബാപ്പയുടെ അസുഖവും കടുത്ത ദാരിദ്ര്യവും കാരണം അവളുടെ മനസ്സിൽ നിക്കാഹ് സ്വപ്നങ്ങളൊന്നും കൂടു കൂട്ടിയിരുന്നില്ല. പാടത്തെ പണിക്കും നാട്ടിലെ ജന്മിയായ കുഞ്ഞുഹാജിയുടെ വീട്ടിലെ അടുക്കള സഹായത്തിനും പോയി കിട്ടുന്ന ചില്ലറകൾ കൊണ്ട് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുകയായിരുന്നു അവർ.
