Samuel Taylor Coleridge എഴുതിയ Kubla Khan എന്ന കവിതയിലൂടെ ശ്രദ്ധനേടിയ വാക്കാണ് 'Xanadu'. ആലോചനയുടെയും ആനന്ദത്തിന്റെയും പ്രതീകം. അതിലെ പ്രശസ്തമായ വരികളിലൊന്നാണ് "A stately pleasure-dome decree." ആനന്ദത്തിനായി മഹത്വമുള്ള, ആകർഷകമായ ഒരു ഗൃഹം നിർമിക്കുക!. ഈ സമാഹാരത്തിലൂടെ മഹത്വമുള്ള ആനന്ദമന്ദിരം പണിയാൻ ഉത്തരവിടുന്നത് പി ജിംഷാറിന്റെ മനസ്സുതന്നെയാണ്. തന്റേതായ സ്വപ്നലോകത്തിലെ കഥകളെ അണിയിച്ചൊരുക്കി ഒരു വീട് പണിഞ്ഞപ്പോൾ അതിനു ഉചിതമായ പേര് തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. 'ആൺ കഴുതകളുടെ Xanadu.'
ഒൻപതു കഥകളും മികച്ചതാണ്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ദു:ഖം, വിടവാങ്ങലുകൾ, ആകാംക്ഷ, ഓർമ്മ, തീവ്രമായ വികാരങ്ങൾ, അസഹിഷ്ണുത, ശാരീരിക ഉണർവുകൾ അങ്ങനെ ഓരോന്നും അവരിൽ നിന്നും നമ്മിലേക്ക് അനായാസം പകർത്തപ്പെടുന്നു. വൈരുദ്ധ്യങ്ങളെ, അസ്വസ്ഥമാക്കുന്ന സത്യങ്ങളെ, ധാർമ്മിക അവ്യക്തതകളെ, വെല്ലുവിളിക്കപ്പെടുന്ന വിശ്വാസങ്ങളെ, അവയെയൊക്കെ പരിഹരിക്കപ്പെടാത്ത വികാരങ്ങളാക്കി മാറ്റാൻ പി ജിംഷാറിനു കഴിഞ്ഞിട്ടുണ്ട്.
എല്ലാവർക്കും ശരികൾ ചെയ്യാനും തെറ്റുകൾ ചെയ്യാനും അവരവരുടേതായ ന്യായമുണ്ടാകും.'പ്രളയകാലത്തെ നൂഹുമാർ' എന്ന കൃതി ഇതിവൃത്തമാക്കുന്നത് അങ്ങനെ ഒരു മാനസാന്തരത്തിന്റെ കഥയാണ്. ഉന്മാദാവസ്ഥയിലോ മറ്റോ ചെയ്തുപോകുന്ന തിരുത്താനാവാത്ത തെറ്റുകളെ ഒരാൾ മറികടക്കുന്ന വിധത്തെ നൂഹ് നബിയുടെ ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് വളരെ തീവ്രമായ ഭാഷയിൽ ജിംഷാർ പകർത്തിവെച്ചിരിക്കുന്നു.
