രാജിച്ചേച്ചി ലിംന സിസ്റ്ററിനെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. അവള്‍ക്കപ്പോഴേക്കും ശരിക്കും മുഷിഞ്ഞിരുന്നു. രാജിച്ചേച്ചി ഒന്നു വന്നിരുന്നെങ്കില്‍ എന്തൊരാശ്വാസമാകുമായിരുന്നു എന്നോര്‍ത്തേയുള്ളു. വിളിക്കാനോ വാട്ട്‌സാപ്പ് ചെയ്യാനോ തോന്നിയതേയില്ല. ഒരിത്തിരി നേരം അടുത്തിരിക്കുമ്പോഴേക്കും ആളുകൂട്ടിനു വേണോ എന്നു തോന്നിയാലോ അവളിങ്ങനെ മനസിലോര്‍ത്തു.
രാവിലെ വന്നിട്ടേയുള്ളു എങ്കിലും ഒരു യുഗം കടന്നു പോയ പോലെ. വയ്യാത്ത ഒരാളിന് കൂട്ടിരിക്കുകയാണ് ലോകത്തിലെയേറ്റവും ഭയാനകമായ അവസ്ഥയെന്ന് തോന്നിപ്പോകും. എന്നാലും ചില കടമകള്‍ കടമകള്‍ തന്നെയാണ്. അവനവനു മാത്രം പൂര്‍ത്തിയാക്കാനാവുന്ന കടമകള്‍!
രാജിച്ചേച്ചി വന്നിരുന്ന് ഉഷച്ചേച്ചി, നിങ്ങള്‍ക്ക് കുളിക്കണോയെന്ന് ചോദിച്ചപ്പോഴും കണ്ണടച്ച് കിടക്കുകയായിരുന്നു. രണ്ടു മൂന്നു തവണ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, 'വേണ്ടെടീ എനിക്കു തണുക്കുന്നു..' എന്നു മാത്രം പറഞ്ഞു.
രാജിച്ചേച്ചി അസാധ്യസ്‌നേഹം കൊണ്ട് ഉഷച്ചേച്ചിയെ ചേര്‍ത്തു പിടിച്ചു. മുടിയിഴകള്‍ തലോടി. നീരു നിറഞ്ഞ് വീര്‍ത്തവയറിലൂടെ കൈയോടിച്ചു.
