അവന്‍ വന്നോ..?
രണ്ടുദിവസമായി ഇതേ സ്ഥലത്ത് ഓരോ ശബ്ദവും ശ്രദ്ധിച്ചു ഒളിച്ചിരിക്കയാണ് ഞാന്‍. ഇടതുകാലില്‍ നീണ്ട കറുത്ത മറുകുള്ള ആ ക്രൂരനെ തേടി. എന്നെ ഭയന്നാണോ അറിയില്ല അവന്‍ രണ്ടു ദിനം മുന്നേ പോയതാണ്. എങ്ങോട്ടായിരിക്കും പോയത്, അവന്‍ ഇനി വരില്ലേ. പകയില്‍ വിഷം കലര്‍ത്തുന്ന ചിന്തകള്‍ക്കിടയിലും ആ പേടി നിലനിന്നു. പക്ഷേ ഇത് അവന്റെ വീടാണ്. ചുറ്റുപാടും നോക്കി, ഒളിഞ്ഞിരിക്കാന്‍ ഇത്രയും നല്ല സ്ഥലം കിട്ടിയത് ആശ്വാസമായി. ഇടയ്ക്കിടെ ഒരു കാര്‍ന്നോര് മുറുക്കി തുപ്പാനായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. പലപ്പോഴായി അയാള്‍ എന്നെ കണ്ടോ എന്ന് ഭയന്ന് ഞാന്‍ ചെടികളുടെ മറവില്‍ കൂടുതല്‍ അമര്‍ന്നിരുന്നു.
പകയിലും നീറ്റലിലും പുകഞ്ഞ കണ്ണിലൂടെ മുന്നിലോട്ട് നോക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയാണ്. എന്റെ നേരെ കാണുന്ന ആ മുറ്റത്താണ് അത് സംഭവിച്ചത്. രണ്ടുദിവസം മുന്നേ, എന്റെ പിഞ്ചുകുഞ്ഞിനെ ഇടതുകാലില്‍ നീണ്ട കറുത്ത മറുകുള്ളവന്‍ ആരുടെയൊക്കെയോ മുന്നിലിട്ട് തല്ലി. വെറും തല്ലല്ല വലിയ വടി കൊണ്ട്. എന്റെ കുഞ്ഞിനെ തല്ലാന്‍ അവനെന്തധികാരം. ഒന്നോ രണ്ടോ തല്ലല്ല അവന്റെ ജീവന്‍ പോയെന്ന് ഉറപ്പിക്കും വരെ. ചങ്കുപൊട്ടി ഞാന്‍ നിന്നു. എനിക്കെന്തു ചെയ്യാന്‍ കഴിയും. ഈ അധികാര വ്യവസ്ഥിതിയില്‍ ഞാനെന്തു ചെയ്യാന്‍. കുല മഹിമ കൊണ്ട് അവന്‍ എന്റെ കുഞ്ഞിനെ കൊന്നു കെട്ടി തൂക്കി.
