മഞ്ഞോര്‍മയിലെ പുഷ്പമുദ്ര

Readers Ink

മഞ്ഞോര്‍മയിലെ പുഷ്പമുദ്ര


തണുപ്പാര്‍ന്ന കാറ്റും, പിന്നെ മഴ ചാറ്റല്‍, എന്തോ നൂലുചരിച്ചു പാകിയ വല പോലെ ഈര്‍ന്നിറങ്ങി ഊഷരഭൂമിയില്‍ വീഴുന്നതിനു മുന്‍പേ അപ്രത്യക്ഷമാകുന്ന കാഴ്ച ചില്ലുപാളികള്‍ക്കിടയിലൂടെ നോക്കി നിന്നപ്പോള്‍ ലിസിക്കു തോന്നി തണുപ്പുകാലം അതിന്റെ എല്ലാ തീക്ഷണതയോടെ പുറപ്പെട്ടു കഴിഞ്ഞു.

എല്ലാവരും ഗള്‍ഫിലെ ചൂടിനെ കുറിച്ചാണ് ആകുലപ്പെടുന്നത് പക്ഷേ തനിക്ക് ഇഷ്ടമില്ലാത്തതു ശീത കാലമാണ്. സ്‌കൂള്‍ യൂണിഫോം കോട്ടിനു മീതെ മറ്റൊരു സ്വെറ്ററും ധരിച്ച് അതിരാവിലെ സ്‌ക്കൂള്‍ബസും കാത്തു നില്‍ക്കണം കൊടും തണുപ്പിലും നേരത്തേ ഉണരണം. അടുക്കള പണിത്തിരക്കില്‍ ശീതം, ഉഷ്ണമായി? മാറുമെങ്കിലും ഉറക്കച്ചടവിനു മാറ്റം വരില്ല.

അതിരാവിലെ ഉണരുന്നത് ഒരു പ്രശ്‌നം തന്നെയാണു തനിക്ക്; പണ്ടുമുതലേ രാത്രി ഉറക്കമൊഴിയാന്‍ പ്രയാസമില്ല. ഇതു ജീനുകള്‍ വഴി കിട്ടുന്നതാണെന്നും ആദിമ മനുഷ്യര്‍ കാട്ടിലായിരുന്നപ്പോള്‍ വന്യമൃഗ ഭീതിയില്‍ ഒരു കൂട്ടര്‍ ഉറക്കം ഒഴിഞ്ഞ് കാവല്‍ നിന്നെന്നും അവരുടെ ജനുസ്സില്‍പ്പെട്ടവരെ രാത്രി വൈകിയേ നിദ്ര പുല്‍കുകയുള്ളു എന്ന ശാസ്ത്രീയ പഠനങ്ങളെ കുറിച്ച്, രാത്രി വൈകി ഉറങ്ങുന്ന ഇളയ മകന്‍ വിശദീകരിച്ചപ്പോള്‍ രാത്രി പത്തു മണിക്കു മുമ്പേ മൂടിപ്പു തച്ചുറങ്ങുന്ന മൂത്ത മകനും ഭര്‍ത്താവും അമ്മയും മകനും എന്തെങ്കിലും ചെയ്യ് എന്ന മട്ടില്‍ തിരിഞ്ഞു കിടന്ന് ഉറങ്ങാറാണ് പതിവ്.


Related Articles