വീടിന്റെ ടെറസില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്ത്, രണ്ടുമൂന്ന് തൊടിയപ്പുറത്ത് ഒരു കശുമാവിന്‍ തോട്ടമുണ്ടായിരുന്നു. അതിനപ്പുറമാണ് നിരത്ത്. നിരത്ത് വലുതാവുകയും റോഡിന്റെ വശങ്ങളില്‍ ബദ്ധ വൈരികളായ രണ്ട് കടയുടമസ്ഥര്‍ കട തുറന്നതും കണ്ട ശേഷമാണ് തോട്ടം മുറിക്കപ്പെട്ടു തരിശായി കിടക്കുന്നത്. അവിടെയാണ് താഴം കളിക്കാരായ ഉണ്ണീന്‍കുട്ടിയും സംഘവും രാവിലെ തുടങ്ങി വൈകുന്നേരം വരെ കുത്തിയിരിക്കുന്നത്. ഉണ്ണീന്‍കുട്ടി സ്ഥലത്തെ കാരണവരാണ്, കളിക്കമ്പം ചെറുപ്പത്തില്‍ നന്നേ പണ്ട് ഒപ്പം കൂടിയതാണ്. കളി സ്ഥലത്തു നിന്നാണ് ഒച്ചപ്പാടുകള്‍. കലമ്പുന്ന ചിരികള്‍ ഒറ്റയായും കൂട്ടമായും തട്ടിത്തെറിച്ച് ഒരു ചിരിയന്തരീക്ഷത്തിന്റെ വീര്‍പ്പുമുട്ടല്‍ എല്ലാവരുടെയും കളിയില്‍ നനവ് പടര്‍ത്തിയിരുന്നു. ഞാന്‍ ചെവിവട്ടം പിടിച്ചുനോക്കി. ആകെ കുഴഞ്ഞുമറിഞ്ഞ് അവ്യക്തമാണ് സംസാരങ്ങള്‍. വലിയ കാര്യമാവാനൊന്നും വഴിയില്ല. പീടിക തിണ്ണയില്‍ എരിഞ്ഞു തീരാതെ ബാക്കി മുറ്റി നില്‍ക്കുന്നവയാണ് താഴം കളത്തിലേക്ക് പടരുക. അതുമിതും സൊറ പറഞ്ഞ് കാഴ്ചമങ്ങുന്നത് വരെ അവര്‍ കളി തുടരും. ശേഷം കളം പിടിക്കുക ജോലിക്കാരായ യുവാക്കളും അന്നത്തെ വൈകുന്നേരക്കളി മുടങ്ങിയവരുമായിരിക്കും.
തെരുവ് വിളക്ക് മിന്നി മിന്നി ആഞ്ഞൊന്ന് കത്തി നിന്നപ്പോള്‍ ഉണ്ണീന്‍കുട്ടി കളിയവസാനിപ്പിക്കാനുള്ള അന്നത്തെ സൈറണ്‍ മുഴക്കി. ഒരു മുരള്‍ച്ച, രണ്ടാവര്‍ത്തിയില്‍ കുര ശേഷം പറഞ്ഞു, 'ആ ഇന്നിനി മതിയാക്കാ നേരം മഗ്രിബ് ബാങ്ക് കൊടുക്കാനായി'. നാലഞ്ചാളടങ്ങുന്ന കളി സംഘം നടു നിവര്‍ത്തി. മടക്കി കുത്തിയ പുള്ളി കള്ളി തുണികള്‍ കെട്ടഴിച്ചു ഒന്നു കൂടി മുറുക്കി പതിയെ പറമ്പിനപ്പുറത്തുള്ള റോഡിലേക്ക് ഇറങ്ങി. തെരുവുവിളക്കിന്റെ വശത്തുള്ള കാലം കഴിഞ്ഞ കറന്റ് പോസ്റ്റില്‍ പൊടിതട്ടി ഇരിപ്പുറപ്പിക്കുമ്പോള്‍ അവരിലെ ചെറുപ്പമായ കുട്ടുപ്പ അന്നത്തെ വിഷയം എടുത്തിട്ടു. 'ങ്ങള് അറിഞ്ഞീലെ ആ പൊയന്റവടക്കുള്ള ഇറക്കത്തിലെ പെരീത്തെ നാസര്‍, ഓന്‍ ഗള്‍ഫില്‍ ജയിലില്‍ ആത്രേ' ഒന്നു നിര്‍ത്തി എല്ലാവരും കേട്ടെന്നുറപ്പായപ്പോള്‍ ആവേശത്തോടെ കുട്ടുപ്പ തുടര്‍ന്നു. 'അവിടെ ഒരാളെ കുത്തീന്നാ കേട്ടത്, അള്ളാഹ്ക്ക് അറിയാം എന്തൊക്കെയെന്ന്'. വിഷയ സംഭാവനയുടെ അതിര്‍പ്പത്തില്‍ ഒന്ന് ഞെളിഞ്ഞിരുന്ന കുട്ടുപ്പ അടുത്തിരിക്കുന്ന ഉണ്ണീന്‍ കാക്കയെ തോളുകൊണ്ട് തട്ടി വിഷയത്തുടര്‍ച്ചക്ക് നേതൃപദവി കൈമാറി. 'ഭ്രാന്തായതാത്രേ അല്ലാതെപ്പം വെറുതെ ഒരാളെ കുത്തൂ ഉണ്ണിന്‍കുട്ടി' പറഞ്ഞു തുടങ്ങുകയായിരുന്നു.
