ദ്വൈധം

Readers Ink

ദ്വൈധം


'ലബ്ബൈക്കള്ളാഹുമ്മ ലബ്ബ്വൈക്ക്..' ദിക്‌റുകള്‍ ഉരുണ്ടുകൂടേണ്ട നാവില്‍ നിന്നും പുറത്തു വന്നത് ഈ വരികളാണ്. അള്ളാഹുവേ നിന്റെ വിളിക്കുത്തരം നല്‍കി കൊണ്ട് ഞാന്‍ വരികയാണ്. എന്നുമെന്നും കൊതിച്ചതും പ്രാര്‍ത്ഥിച്ചിരുന്നതും പോലെ നിന്റെ പുണ്യഗേഹം സന്ദര്‍ശിക്കാനല്ല, മറിച്ച് അപകടം പറ്റി ബോധമില്ലാതെ കിടക്കുന്നവന്റെ അടുത്തേക്ക്. നെഞ്ചിലെ കനപ്പ് കൂടിക്കൂടി വന്നു. പച്ചമലഞ്ചെരിവുകളുടെ ദൂരവരമ്പുകള്‍ പിന്നിട്ട യന്ത്രപ്പക്ഷിയുടെ ചിറകിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ നിര്‍ത്താതെ ചോര്‍ന്നൊലിക്കുന്നുണ്ട്. 'മരിച്ച് പോയാ, മരിച്ചൂന്നേയുള്ളൂ ഇതിപ്പോ എന്തൊരു കിടപ്പാ.' ആളുകളുടെ സംസാരങ്ങള്‍ ചെവിയില്‍ അലക്കുന്നു.

ചുണ്ടിലെ ദിക്‌റുകള്‍ അറിയാതെ ഇത്തിരി ഉച്ചത്തിലായി. തൊട്ടടുത്ത സീറ്റിലെ കുഞ്ഞ് അമ്മിഞ്ഞയില്‍ നിന്നും പിടുത്തം വിട്ടെന്നെ ചെരിഞ്ഞ് നോക്കി. നിഷ്‌കളങ്കമായ ആ പുഞ്ചിരി. തിരിച്ചൊന്നു ചിരിക്കാന്‍ പോലും മറന്നുപോയ ഞാന്‍. തല പൊട്ടിപ്പൊളിയുന്ന വേദന തോന്നുന്നു. വിമാനത്തില്‍ കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസ് തന്ന ചെറുനാരങ്ങയുടെ മണമുള്ള ചെറുചൂടുള്ള നനഞ്ഞ ടവല്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്നതുകൊണ്ട് മുഖം ഒന്നുകൂടി അമര്‍ത്തി തുടച്ചു. കണ്ണും മൂക്കും മുഖവും ചുട്ടു നീറുന്നു.

എസിയുടെ മുരള്‍ച്ചയും, സ്‌ക്രീനുകളില്‍ നിന്നും വീഴുന്ന വിവിധ വര്‍ണവെളിച്ചവും തലവേദനയുടെ ആക്കം കൂട്ടി. 'ഉമ്മാ, ഞാനിവിടെ ഒറ്റക്ക്. ഇക്ക് പറ്റൂലുമ്മാ, ഇങ്ങള് വേഗം വരണേ.' സൈറാടെ കരച്ചിലും പതം പറച്ചിലും ചെവിയില്‍ മുഴങ്ങുന്നു. ഏതു നേരവും എന്തെങ്കിലും കൊറിച്ചോണ്ടിരിക്കണം പെണ്ണിന്. ഉസ്മാന്റെ വീട്ടില് അതൊക്കെ നടക്കോ. ഉമ്മ പോയിട്ട് ഉപ്പാനേയും കൂട്ടി വരാമെന്നു പറഞ്ഞപ്പോള്‍ നിറകണ്ണുകളോടെ നോക്കി നിന്നവള്‍. ആകാശച്ചുഴിയില്‍ വീണ് വിമാനമൊന്ന് ആടിയുലഞ്ഞപ്പോള്‍ ഏതൊക്കെയോ ദൈവനാമങ്ങള്‍ ആര്‍ത്തനാദമായി. ഹിമകണങ്ങള്‍ പറ്റി പിടിച്ച് നില്‍ക്കുന്ന ചെറുചതുര ചില്ലു ജാലകത്തിലേക്ക് മുഖം ചേര്‍ത്തുവെച്ചു ഞാന്‍ താഴേക്ക് ഒന്നെത്തി നോക്കി. പിന്നിലേക്ക് പാറി മറയുന്ന വെണ്‍മേഘങ്ങള്‍ മാത്രമാണ് കണ്ണില്‍ ഉടക്കുന്നത്. ആദ്യമായാണ് വിമാനത്തില്‍. പണ്ട് പേര്‍ഷ്യക്കാരന്‍ വന്നു കെട്ടി കൊണ്ടു പോകുമ്പോള്‍ 'അനക്കിനി വിമാനത്തിലൊക്കെ കേറാല്ലേന്ന്,' കുഞ്ഞയ്‌മോക്കാട്‌ത്തെ സൂറ കളി പറഞ്ഞത് ഇന്നും മനസ്സിന്റെ ഉള്ളറയില്‍ മായാത്ത ഓര്‍മ്മയായി പച്ചപ്പിടിച്ച് കിടക്കുന്നു. അന്ന് ഞാനാണേറ്റവും ഭാഗ്യവതീന്ന് തോന്നി. ഇപ്പോള്‍ അന്യനാട്ടിലേക്ക് ആരോരും തുണയില്ലാതെ ആകാശത്തിന്റെ തുന്നാംതുഞ്ചത്തു കൂടെയുള്ള ഈ യാത്രയുടെ ഉള്ളാഴങ്ങളില്‍ മനസ് നൊന്ത് മൗനമാകുന്ന തീക്കൂടിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്നു!


Related Articles