ഭ്രാന്തിന്റെ ശേഷിപ്പുകള്‍

Readers Ink

ഭ്രാന്തിന്റെ ശേഷിപ്പുകള്‍


വിരസമായ ഒരു പ്രഭാതത്തിലേക്ക് കൂടി ഹരി കണ്ണ് തുറന്നു. മുകളിലേക്ക് നോക്കി കിടന്ന അയാളുടെ കണ്ണുകള്‍ പതിയെ ജനലിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികളില്‍ പതിഞ്ഞു. കല്ലാറിന്റെ പ്രഭാത സൗന്ദര്യം അയാളെ തെല്ലും സ്പര്‍ശിച്ചില്ല. ഒന്നും ചെയ്യാനില്ലാത്ത ആ തണുത്ത പ്രഭാതം എന്നത്തെയും പോലെ അയാളില്‍ മടുപ്പുളവാക്കി. തന്നില്‍ ഇപ്പോഴും ഒരു ഭ്രാന്തിന്റെ അലയൊലികള്‍ ബാക്കിയുണ്ടെന്ന തോന്നലില്‍ അലസമായി ഉടുമുണ്ട് വാരിചുറ്റി ലഹരി മായാത്ത കണ്ണുകള്‍ വലിച്ചു തുറന്നു അയാള്‍. നീണ്ടു വളര്‍ന്ന താടിയും, മുടിയും മാടിയൊതുക്കി അപ്പോഴും ഉറയ്ക്കാത്ത കാലടികളോടെ പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു. പുറത്തിറങ്ങി തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രം പോലെ ചിതറിവീണു കിടക്കുന്ന കരിയിലകളിലേക്കും, നനഞ്ഞ മണ്ണിലേക്കും, അങ്ങിങ്ങ് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്കും ദൃഷ്ടിയൂന്നി ഉമ്മറത്തിണ്ണയില്‍ ഇരിപ്പുറപ്പിച്ചു.

ആ ഇരുപ്പില്‍ അയാളുടെ ദൃഷ്ടി സ്വാഭാവികമായും എതിര്‍വീട്ടിലേക്ക് തിരിഞ്ഞു. അവിടെ മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞു പെണ്‍കുട്ടി തന്ന ചിരിക്ക് പകരം നല്‍കിയ പുഞ്ചിരി മായും മുന്നേ മുന്നിലെത്തിയ അവളുടെ അമ്മയുടെ കണ്ണുകളില്‍ ഭയത്തിന്റെ തിരയിളക്കം ഉണ്ടെന്ന് തോന്നി, തോന്നലല്ല ഉണ്ട് ഒരു ഭ്രാന്തനോടുള്ള ഭയം. എങ്ങനെ ഒരാളുടെ മനസ് കൈ പിടിയില്‍ നിന്ന് വഴുതിപ്പോവുന്നു എന്ന് ആരും ചിന്തിക്കുന്നില്ല. 'ഭ്രാന്തന്‍' ഹരിക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി, ഉറക്കെ, ഉറക്കെ. മനസ് സ്വന്തമല്ലാത്ത ഒരാള്‍ സങ്കടം വരുമ്പോള്‍ കരയുന്നതിനേക്കാള്‍ ചിരിക്കുകയാണ്. അതുകൊണ്ടാണല്ലോ ഭ്രാന്തനെന്ന വിളിപ്പേര് സ്വന്തമായി കിട്ടുന്നത്. ചിരി ഒരു ഭ്രാന്തന് സ്വന്തം, ഉറക്കമില്ലാത്ത രാത്രികള്‍ ഭ്രാന്തന് സ്വന്തം, ഏറ്റവും മനോഹരമായ കാര്യം ഇന്നലെകളില്‍ ജീവിക്കാന്‍ കഴിയുന്നതല്ലേ? അങ്ങനെ ജീവിക്കാന്‍ ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാവുമോ? ഇല്ല. അപ്പോള്‍ ഭ്രാന്ത് ഒരു പേടിപ്പെടുത്തുന്ന കാര്യം ആണോ? മറച്ചുവെക്കലുകളും, വെച്ചുകെട്ടലുകളുമില്ലാതെ പ്രതികരിക്കാന്‍ കഴിയില്ലേ? പിന്നെയും എന്തെ ആളുകള്‍ ഒരു ഭ്രാന്തനെ ഭയക്കുന്നു. അപ്പോള്‍ കള്ളം അവരുടെ ഉള്ളിലാണ് സമൂഹ മനസാക്ഷിയുടെ. അത് കൊണ്ടാണവര്‍ ഭയപ്പെടുന്നത്. എങ്കിലും ഒറ്റപ്പെടല്‍ തോന്നി ഹരിക്ക്, ആ ചിന്ത അധികരിച്ചപ്പോള്‍ ഒരു കട്ടന്‍ കാപ്പിയുടെ മേമ്പൊടിയോടെ ഹരി പത്ര വായനയിലേക്ക് കടന്നു. അതിലെ ഒരു വാര്‍ത്തയില്‍ കണ്ണുകളുടക്കിയ അയാള്‍ക്ക് കനലെരിയുന്ന ഓര്‍മ്മയുടെ തീചൂളയില്‍ ഉടലാകെ നീറി. പതിനാറുകാരിയെ പീഡിപ്പിച്ചു കൊന്നവന്‍ അറസ്റ്റിലായ വാര്‍ത്ത അയാളെ ഭൂതകാലത്തിലേക്ക് നടത്തിച്ചു. അവിടെ ഓര്‍മ്മയുടെ തെയ്യക്കോലങ്ങള്‍ ഹരിക്ക് മുന്നില്‍ നിറഞ്ഞാടി.

ഭൂതകാലത്തിന്റ ഇരുണ്ട ചായം പുരണ്ട മിഴിവാര്‍ന്ന ചിത്രങ്ങള്‍ മുന്നില്‍ നിരന്നപ്പോള്‍ ആ നിറക്കൂട്ടുകളില്‍ കുളിരുള്ള കനവ് പോലെ മൗനം വാചാലമാക്കിയ, ശബ്ദങ്ങളുടെ ലോകം അന്യമായ നന്ദിനി എന്ന പ്രണയത്തെയും, അവള്‍ക്ക് ശബ്ദമാകാന്‍ കൊതിച്ച ഹരിയെയും കണ്ടു. അവരുടെ പ്രണയം പൂത്തതും, തളിര്‍ത്തതും, തല്ലിക്കൊഴിച്ചതും കണ്ടു. ഒരിക്കല്‍ ഒരു പനിച്ചൂടില്‍ കുളിര്‍ന്ന് തളര്‍ന്നു കിടന്ന ഹരിയെ കാണാനെത്തിയ നന്ദിനിയെ തൊട്ടപ്പുറത്ത് സ്വന്തം അച്ഛന്‍ കടിച്ചു തുപ്പിയത് അവന്‍ അറിയാതെ പോയി. അമ്മയുടെ ജീവന്‍ വെച്ചുള്ള വിലപേശലില്‍ എന്നത്തെയും പോലെ ഹരിയെന്ന മകന്‍ തോറ്റുപോയി. നിരാലംബയായ ഒരു പെണ്ണിന്റെ മാനത്തിനേക്കാള്‍ വില നിസാരമായ ഒരു ഭീഷണിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നി. എങ്കിലും അമ്മയും ഒരു പെണ്ണായിരുന്നില്ലേ? അമ്മക്ക് കണ്ടുനില്‍ക്കാനും, മൗനത്തിന്റെ ആവരണമണിയാനും എങ്ങനെ കഴിഞ്ഞു? അവനുള്ളില്‍ ചോദ്യങ്ങള്‍ കൂടിക്കുഴഞ്ഞു. ചില ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരമില്ലെന്നവന്‍ നിസ്സഹായതയോടെ ഓര്‍ത്തു.


Related Articles