ഇതൊരു ചതിയുടെ കഥയാണ്.
ഇന്നലെ വൈകുന്നേരം അവള്‍ക്കൊരേ നിര്‍ബന്ധം - പാര്‍ക്കിനടുത്തു പുതുതായി ഇടംപിടിച്ചിട്ടുള്ള 'വൈറല്‍ ദമ്പതിമാരുടെ' ആ താല്‍ക്കാലിക വണ്ടിച്ചായക്കടയില്‍ പോയി ബണ്‍ മസ്‌ക കഴിക്കണമെന്ന്.
'നമുക്ക് വെറുതെ ഒന്ന് ചുറ്റി നടന്നിട്ടുവരാം, എന്തിനാ ഈ തിക്കും തിരക്കുമുള്ളിടത്തേക്ക് പോകുന്നത്? അതും വെറും ചായയും ബണ്ണും തിന്നാന്‍!' എന്ന് ഞാന്‍ പലവട്ടം പറഞ്ഞു നോക്കിയിട്ടും അവള്‍ കേട്ടില്ല. അവസാനം, അവളുടെ സങ്കടം പറച്ചില്‍ സഹിക്കാന്‍ വയ്യാതെയാണ് ഞങ്ങള്‍ അങ്ങോട്ടേക്കിറങ്ങിയത്.
പാര്‍ക്കിനടുത്ത് എത്തിയപ്പോഴോ? എന്റെ പൊന്നോ! തൃശ്ശൂര്‍ പൂരത്തിന് പോലുമില്ല ഇത്ര തിരക്ക്. മനുഷ്യത്തേനീച്ചകള്‍ ആ താല്‍ക്കാലിക മസ്‌ക കൂടാരത്തിനു ചുറ്റും കൂട്ടംകൂടി സംഭ്രാന്തരായി നില്‍ക്കുന്നു.
