ശൈത്യകാലത്തിന്റെ തുടക്കമായിരുന്നു. വസന്തകാലത്തിന്റെ പ്രേതമിപ്പോഴും തെരുവിലുണ്ടായിരുന്നുവെന്ന് തോന്നി. അഞ്ചോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നഗരത്തിലേക്ക് തിരികെയെത്തുന്നത്. സാല്‍സ് ബര്‍ഗ് ഒരുപാട് മാറിയിരിക്കുന്നതായി തോന്നി.
നഗരത്തിലെ പ്രശസ്തമായ കോഫി ഹൗസിന് മുന്നിലെത്തിയപ്പോള്‍ ആല്‍ഫ്രഡ് ഒന്നുനിന്നു. പഴയതും പഴുത്തതുമായ ചില ഓര്‍മ്മകളുടെ പഴങ്ങള്‍ അയാളിലേക്ക് എടുത്തെറിയപ്പെട്ടു. അതിന്റെ ചീര്‍ത്ത നാറ്റം അയാളെ അലോസരപ്പെടുത്തി. ലിസി, ആ കോഫി ഹൗസിന് ഉള്ളിലുണ്ടെന്നറിയാം. ലിസിയുടെ നീളന്‍ സ്വര്‍ണ്ണ മുടികളെ ഓര്‍മ്മ വന്നപ്പോള്‍ അയാളുടെ ഉള്ളിലൊരു മഞ്ഞിന്‍ കണം വീണു.
അവളൊരു പക്ഷിയായിരുന്നു. വേണ്ടതൊരു കൂടും. ഫിലിപ്പീന്‍സ് സ്വദേശിയാണ്. സാല്‍സ് ബര്‍ഗിലെ ചെറിയ കടകളില്‍ ബ്രഡും വെണ്ണയും വില്‍പ്പന നടത്തിയാണ് ജീവിതം. ഒരു സഹോദരി മാത്രമേയുള്ളൂ. അയാള്‍ ലിസിയെ കാണുവാന്‍ മാത്രമായാണ് വീണ്ടുമവിടേക്കെത്തുന്നത്. കോഫി ഹൗസിലെ വളരെ വിലകൂടിയ റോസ്‌ബെറി വൈനും പിന്നെ ഗോള്‍ഡ് കണങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രധാന ആകര്‍ഷണമായ ക്രീം കേക്കും കഴിക്കാന്‍ താന്‍ ഒരുപാട് നാളായി കൊതിക്കുകയാണ് എന്നുമവള്‍ പറഞ്ഞിരുന്നു. ആ ആഗ്രഹം നടത്താന്‍ അയാള്‍ പിശുക്ക് കാണിച്ചില്ല. സത്യത്തില്‍ അതിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്. നിസ്വാര്‍ത്ഥമായ സ്‌നേഹമല്ലാതെ മറ്റൊന്നും അവളില്‍ നിന്നയാള്‍ തിരികെ ആഗ്രഹിച്ചിരുന്നില്ല.
