ഒരു തെറ്റ്, രണ്ട് ശിക്ഷകൾ

Readers Ink

ഒരു തെറ്റ്, രണ്ട് ശിക്ഷകൾ


തിരാവിലെയുള്ള ഏതോ ബസ്സിന്റെ നടുവിലെ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ച സുമതിക്കും വാസുദേവനുമരികിൽ കുശലവുമായി കണ്ടക്ടർ എത്തി. ഗുരുവായൂരപ്പനും ചോറ്റാനിക്കരയമ്മയും ഒരുമിച്ച് മുഖത്ത് പ്രസാദിച്ചത് പോലെ വെളുത്ത ചന്ദനവും ചുമന്ന കുങ്കുമവും അവന്റെ നെറ്റിക്ക് മിഴിവേകി. സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് ബസ്സിൽ മിന്നിത്തെളിയുന്ന വർണ്ണവെളിച്ചങ്ങളുണ്ടായിരുന്നു. പ്രാർത്ഥിക്കാനുള്ള കാരണങ്ങൾ തേടിയുള്ള അഗർബത്തിയുടെ മണം ഫസ്റ്റ് എയ്ഡ് ബോക്സിനരികിലുള്ള ചന്ദനത്തിരി സ്റ്റാൻഡിൽ നിന്നും പുകച്ചുരുളുകളായി അവിടെ നിറഞ്ഞു. സ്റ്റാൻഡിൽ നിന്നും എടുത്ത ബസ്സ് കവലയിലെ രാമേട്ടന്റെ ചായക്കടയ്ക്ക് മുന്നിൽ ഒതുക്കിനിർത്തി. ഡ്രൈവറും കണ്ടക്ടറും പ്രാതൽ കഴിക്കുന്നത്‌ അവിടെ നിന്നാണ്. രാമേട്ടന്റ കടയിലെ ആളുകൾ കാണാതിരിക്കാൻ ആ സീറ്റിൽ ആരോ ഉപേക്ഷിച്ച പത്രം ജനാലയ്ക്കു അഭിമുഖമായി വാസുദേവൻ നിവർത്തി പിടിച്ചു.

തലേന്നത്തെ ഉറക്കമില്ലായ്‌മ സുമതിയുടെ കൺതടങ്ങൾക്കു തൂക്കം കൂട്ടി. സാരിത്തലപ്പു കൊണ്ട് തലവഴി പുതച്ചു. കരഞ്ഞുതളർന്ന മുഖം മറ്റാരുടേയും ദൃഷ്ടിക്ക് കൊടുക്കാതെ അയാൾക്ക്‌ അരികു പറ്റി സുമതി ഒതുക്കി വെച്ചു. ഓർമ്മയുടെ പലപല കുഞ്ഞു ചങ്ങാടങ്ങൾ വാസുദേവന്റെ തലയിലൂടെ കടന്നു പോയി. പട്ടണത്തിലെ എൽ.ഡി. ക്ലാർക്ക് ജോലിയിൽ ഉയർച്ച കിട്ടിയാണ് ഈ ഗ്രാമത്തിലേക്ക് സ്ഥലം മാറി അയാൾ എത്തിയത്. ഇന്നത്തെ കല്ലുമോളുടെ പ്രായമുണ്ട് അന്ന് കണ്ണന്. അവൻ ഒൻപതാം ക്‌ളാസിൽ പഠിക്കുകയായിരുന്നു. അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളിന് അഭിമാനമാകാൻ പോകുന്ന കുട്ടികളുടെ പട്ടികയിൽ ആദ്യത്തെ പേര് അവന്റേത് തന്നെയായിരുന്നു.

"ഇത്തവണത്തെ പരീക്ഷാ ഫലം വരുമ്പോൾ ഇവന്റെ പേരിൽ ഈ സ്കൂളിന് തന്നെ അഭിമാനിക്കാൻ കഴിയുംന്ന് നിക്ക് ഉറപ്പായിരുന്നു. സാരല്യ എവിടാണേലും ഇവൻ മിടുക്കനായിരിക്കും," പ്രധാനാധ്യാപിക ദേവകി ടീച്ചർ കണ്ണന്റെ ടി. സി. ഒപ്പിടുമ്പോൾ നിരാശ നിറഞ്ഞ മുഖത്തോടെ അന്ന് പറഞ്ഞിരുന്നു.


Related Articles