അയണിക്കരവീട്ടില്‍ കുമാരനാശാന്‍ എന്ന് വിളിക്കുന്ന കുമാരന്‍കുട്ടിയെ (61 വയസ്സ്) കാണാതായെന്ന മൂത്തമകന്‍ ഉണ്ണിക്കണ്ണന്റെ പരാതി പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത് വൈകുന്നേരത്തോടെയാണ്. പകല്‍ പതിനൊന്ന് മണി കഴിഞ്ഞ നേരത്താണ് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആശാനെ കാണാതാകുന്നത്.
മുട്ടുവേദനക്ക് മരുന്ന് വാങ്ങുവാനായിട്ട് മകന്‍ ഉണ്ണിക്കണ്ണനും, മരുമകള്‍ മനോരമക്കുമൊപ്പമാണ് ആശാന്‍ കായംകുളത്തേക്ക് തിരിച്ചത്. അസ്ഥിരോഗ വിദഗ്ധന്റെ പരിശോധനാമുറിക്ക് മുന്നിലെ നീണ്ട നിരയില്‍ ഊഴവും കാത്തുള്ള വിരസമായ കാത്തിരിപ്പ്. സ്‌ക്രീനില്‍ തെളിയുന്ന നമ്പര്‍ 18, ആശാന്റെ കൈയ്യിലെ ടോക്കണ്‍ നമ്പര്‍ 36. വളരെ ശാന്തതയോടെ ഇരിപ്പിടത്തില്‍ തലചായ്ച്ചിരിക്കുന്ന ആശാന്‍. ഇടയ്ക്കിടെ വാച്ചില്‍ സമയം നോക്കുന്ന ഉണ്ണിക്കണ്ണന്‍.
മനോരമയുടെ മൂഞ്ചിയില്‍ തെളിയുന്ന ആവോളമുള്ള അസ്വസ്ഥത ഇങ്ങനെ വിളിച്ചു പറയുന്നു, 'ഇതിയാനെം കൊണ്ട് ഇങ്ങേര്‍ക്ക് വന്നാല്‍ മതിയാരുന്നല്ലോ, ഞാനും കെട്ടിയെടുത്ത് വരണമെന്ന വാശി കെളവനായിരുന്നു. അങ്ങേരും അതിനൊത്ത് തുള്ളാന്‍ നിന്നു.'
