ആളും ആരവവും ഒഴിഞ്ഞ പൂരപറമ്പുപോലെ മനസ്സ് ഒറ്റപ്പെടുന്ന സമയങ്ങളിലൊക്കെ മൃദുല ഫേസ്ബുക്ക് തുറക്കും. സേര്‍ച്ച് ബട്ടണില്‍ ഞെക്കി ചില പേരുകള്‍ ടൈപ് ചെയ്യും. ഏറ്റവും കൂടുതല്‍ അവള്‍ സേര്‍ച്ച് ചെയ്തത് ചന്ദ്രന്‍ എന്ന പേരാണ്. ലോകത്തുള്ള എല്ലാ ചന്ദ്രന്മാരും അപ്പോള്‍ അവിടെ അണിനിരക്കുമെങ്കിലും അതില്‍ നിന്നും മധ്യവയസ്സു പിന്നിട്ട, അവളുടെ ഓര്‍മ്മയിലെ ആ ചന്ദ്രനെ മാത്രം മൃദുലയ്ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ മുഴുവന്‍ പേര് അറിയാത്തതു കൊണ്ട് ചന്ദ്രന്‍ ആലത്തൂര്‍ എന്ന സ്ഥലപ്പേരു വച്ചു നോക്കിയെങ്കിലും അതിനും നോട്ട് ഫൗണ്ട് എന്ന മറുപടി മാത്രമേ കിട്ടാറുമുള്ളൂ.
ആകെപ്പാടെ രണ്ടു പ്രാവശ്യം മാത്രമേ ചന്ദ്രനെ മൃദുല നേരില്‍ കണ്ടിട്ടുള്ളൂ. ഇരുളില്‍ നിന്നും കണ്ണുകളില്‍ പ്രകാശത്തിന്റെ കൗതുകം നിറച്ച് കാലങ്ങളായി അവളെത്തന്നെ നോക്കിയിരിക്കുന്ന മുഖഭാവമായിരുന്നു അയാള്‍ക്ക്. മൂത്തമ്മയുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്ന കാലത്ത് ഒരു ഉച്ച തിരിഞ്ഞ സമയത്താണ് പടികടന്നു ചെല്ലുന്ന അവളെ നോക്കി ആ രണ്ടു കണ്ണുകള്‍ ചിരിച്ചത്. മൂത്തമ്മയുടെ മകന്‍ ഉണ്ണി അണ്ണന്റെ കൂട്ടുകാരന്‍ ആണെന്നും ഗള്‍ഫില്‍ നിന്നും ലീവില്‍ നാട്ടില്‍ വന്നതാണെന്നുമൊക്കെ പിന്നീട് കിട്ടിയ അറിവായിരുന്നു. പക്ഷേ മൃദുലയെ സംബന്ധിച്ച് ഓര്‍ക്കപ്പുറത്തു നടന്ന ആദ്യപെണ്ണു കാണല്‍ പോലെയായി മാറി ആ കൂടിക്കാഴ്ച്ച.
അയാള്‍ ഒരു ഗള്‍ഫുകാരന്‍ ആണെന്നിരിക്കെ ഒരു വിവാഹ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് കയറി പറ്റാനുള്ള തിരക്ക് ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് അയാള്‍ രണ്ടാമത് ശരിക്കും പെണ്ണു ചോദിച്ചു കൊണ്ട് മൃദുലയുടെ വീട്ടില്‍ എത്തിയെങ്കിലും വളരെ മോശം സ്വീകരണമായിരുന്നു അയാള്‍ക്ക് ലഭിച്ചത്.
