'നീ എന്നെ ആ ഖബ്റിനരികില്‍ ഒന്ന് കൊണ്ട് പോകുമോ?'
മൂത്തുമ്മ അങ്ങനെ ചോദിച്ചപ്പോള്‍, താനൂസ് അതിശയപ്പെട്ടു. കുറച്ച് ദിവസമായി മൂത്തുമ്മ ഇടയ്ക്കിടെ വിളിക്കാറുണ്ട്, നിന്നെയൊന്ന് കാണണമെന്ന മുഖവുരയോടെ. പക്ഷേ, പലപ്പോഴും വരാന്‍ കഴിയാറില്ല. സമയം തികയാത്ത ജോലിയും യാത്രകളും, കടപ്പാടുകളില്‍ നിന്നും വഴി തിരിച്ചു വിടുകയാണ് പതിവ്.
'മൂത്തുമ്മയ്ക്ക് വേറെ ആരുമില്ലല്ലോ' എന്ന് മൊബൈല്‍ ഫോണ്‍ ചെവിയില്‍ സങ്കടം പറഞ്ഞു.
ഒറ്റപ്പെടല്‍ മാത്രം കൂട്ടായുള്ള മൂത്തുമ്മയ്ക്ക്, വാര്‍ധക്യത്തിലും പരസഹായം ചോദിക്കാന്‍ വല്ലാത്ത മടിയാണ്. എപ്പോഴോ ഒടിഞ്ഞു തൂങ്ങിയ മുതുകുമായി, ശരീരം മുന്നോട്ട് വളഞ്ഞ്, കൂനിക്കൂനിയാണ് മൂത്തുമ്മ നടക്കുക. താനൂസ് കുഞ്ഞായിരിക്കുമ്പോഴേ, മൂത്തുമ്മയെ അങ്ങനെയാണ് കാണുന്നത്. ഒരിക്കല്‍ ഉമ്മ പറഞ്ഞതോര്‍മ്മയുണ്ട്, മൂത്തുമ്മ സുന്ദരിയായിരുന്നത്രേ. പിന്നെങ്ങനെയാണ് മുതുക് വളഞ്ഞ് പോയതെന്ന്, മൂത്തുമ്മയോട് തന്നെ ചോദിച്ചുണ്ട്. ഒരു ചിരിയില്‍ മറുപടിയൊതുക്കി. നിലാവിന്റെ ഒരു കഷ്ണം പോലുള്ള ചിരിയാണ്. ഉമ്മ മരിച്ചതില്‍പ്പിന്നെയാണ്, താനൂസിന് മൂത്തുമ്മയോട് വൈകാരികമായ ഒരടുപ്പമുണ്ടായത്.
