നല്ല നിലാവുള്ള രാത്രിയായിരുന്നു. ജാലകത്തിലൂടെ വിരുന്നുവന്ന മന്ദമാരുതന്‍ അയാളെ തലോടി. ആകാശത്തിന്റെ വിദൂരതയിലേക്കയാള്‍ കണ്ണു പായിച്ചു. മേഘങ്ങള്‍ തീര്‍ത്ത ചിത്രങ്ങളിലയാള്‍ പലതും കണ്ടു. പ്രകൃതി നിശബ്ദതയിലാണ്ടു പോയിരിക്കുന്നു. ലോകം നല്ലൊരു പുലരി സപ്നം കണ്ടുറങ്ങുന്നതായി അയാള്‍ക്കുതോന്നി.
സൂര്യന്‍ പതുക്കെ ഉദിച്ചുയര്‍ന്നപ്പോള്‍ കണ്‍പോളകള്‍ തുറന്നു. ഇന്നു പതിവിലും നേരത്തെയാണ്. തിങ്കള്‍ ഉണരുകയാണ്. അയാള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു. ചിതലരിച്ച് ജീര്‍ണ്ണിച്ച കതക് ആ ഒറ്റമുറി കെട്ടിടത്തിന്റെ ദാരിദ്ര്യത്തെ വിളിച്ചോതുന്നുണ്ടായിരുന്നു. പുറത്തിറങ്ങി അലക്ഷ്യമായി നടക്കാന്‍ തുടങ്ങി.വിശപ്പിന്റെ കാഠിന്യം കൊണ്ടാകാം കാലുകളുറക്കുന്നില്ല. തലേരാത്രി മൂക്കറ്റം കുടിച്ചതാണെന്നേ കാണുന്നവര്‍ക്കു തോന്നു.
പറവകള്‍ കൂട്ടത്തോടെ അന്നത്തെ ഇര തേടിയുള്ള യാത്രയിലാണ്. കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം അയാള്‍ വീട്ടിലേക്ക് തിരിച്ചു. രാവിലത്തെ വക ലഭിക്കില്ല എന്നറിയുന്നത് കൊണ്ടാകാം ഉച്ചവരെ വിശപ്പ് സഹിക്കാന്‍ വേണ്ടി ഒന്നുറങ്ങി. പതിവുപോലെ ഉച്ച ഭക്ഷണം അയാള്‍ അന്നും അമ്പലത്തില്‍ നിന്നും കഴിച്ചു. വാഹനങ്ങളുടെ ശബ്ദവും തിരക്കും കാരണം പട്ടണം നിറഞ്ഞത് കൊണ്ടാകാം ആള്‍ക്കൂട്ടത്തില്‍ അയാള്‍ ഒറ്റപ്പെട്ടവനായി.
