കുറേ നാളുകളായി റഹിയയുടെ മനസ്സ്, മീത്തലെ പറമ്പിലെ പൊട്ടക്കിണറില്‍ വീണ് കിടക്കുന്നു. മഗ്രിബിന്റെ നേരത്ത് ആ പറമ്പിലെത്തി പൊട്ടക്കിണറിന് ചുറ്റുമൊന്ന് നടന്നാല്‍ മനസ്സിന് കുറച്ച് ആശ്വാസം കിട്ടുമായിരിക്കുമെന്ന് അവള്‍ക്ക് തോന്നുന്നുണ്ട്. അതിനുള്ളിലെ ആഴവും വിസ്തീര്‍ണ്ണവും നോക്കി ആ കിണറിന്റെ ഭീകരതയെപ്പറ്റി അറിയാമായിരുന്നു. എല്ലാവരും പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ എന്നറിയാനുള്ള ഒരുതരം ജിജ്ഞാസ. പക്ഷേ ഒരിക്കലും മഗ്രിബിന്റെ നേരം കഴിഞ്ഞ് വീടിന് വെളിയിലേക്കിറങ്ങാന്‍ റഹിയയെ അവളുടെ വല്ല്യുമ്മ സമ്മതിച്ചില്ല.
ഒരു ദിവസം മഗ്രിബിന് ആരും കാണാതെ റഹിയ വെളിയിലേക്കിറങ്ങിയിരുന്നു. അവള് ഉമ്മറത്തൊടി കടന്നപാടേയായിരുന്നു വല്ല്യുമ്മ അട്ടഹസിച്ചത്:
'ബാല്യേക്കാരത്തി പെങ്കുട്ടി മയിമ്പിന് പൊറത്തേക്കെറങ്ങുന്നോ.., കേറി വാ റഹിയാ, ആ തട്ടം തലേലോട്ടിട്ട് വുളുവെട്ത്ത് ന്ക്കരിക്കാന് നോക്ക്, പൊരേല് ഇബ്ലീസിനെ കേറ്റാനായി ഓരോന്ന്..'
ദേഷ്യം കൊണ്ട് വല്ല്യുമ്മാന്റെ മുഖം അവരുടെ വായിലെ മുറുക്കാന്‍ പോലെത്തന്നെ ചുവന്നിരുന്നു. ആ ഒറ്റ ഒച്ചയിടലില്‍ റഹിയ പേടിച്ച് അകത്തേക്കോടിക്കയറിയതാണ്. പക്ഷേ ബീത്തായെ കാണുമ്പോഴെല്ലാം അവള്‍ക്ക് ആ പൊട്ടക്കിണര്‍ ഓര്‍മ്മ വന്നു. ബീത്തായെ മൊഴിചൊല്ലിയിട്ട് വര്‍ഷം കുറേയായി. എന്നിട്ടും റഹിയയ്ക്ക് എപ്പഴും അവളുടെ ബീത്തയെപ്പറ്റിയുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
