താര

Readers Ink

താര


എന്നെന്നേക്കുമായി ഓര്‍മ്മയാകാന്‍ പോകുന്ന ആ ദിവസത്തിന്റെ പകല്‍ അവസാനിക്കുകയാണ്.. പലതവണ ഫോണ്‍ കയ്യില്‍ എടുത്തിട്ടും വിളിക്കാനോ ടെക്സ്റ്റ് ചെയ്യാനോ അവള്‍ക്ക് കഴിഞ്ഞില്ല. മനസ്സ് ശൂന്യമാണെങ്കിലും, തലച്ചോറില്‍ അനേകം അനേകം ചോദ്യങ്ങള്‍ ഇതിനോടകം മുളപൊട്ടി കഴിഞ്ഞിരിന്നു.

എല്ലാത്തിനും തുടക്കം എന്നില്‍ നിന്നു മാത്രമാണ്. ഇത്തില്‍കണ്ണി പോലെ ആ മനുഷ്യനില്‍ ചുറ്റിവരിഞ്ഞത് ഞാനാണ്. ഒരിക്കലും പൂവിടില്ലെന്ന് അറിഞ്ഞിട്ടും, പൂക്കാന്‍ കൊതിച്ചതും ഞാനാണ്. ജീവനായി ബിന്നിയും ജീവന്റെ ജീവനായി അന്നയും അയാള്‍ക്കുണ്ടെന്ന് അറിഞ്ഞിട്ടും, അയാളില്‍ തളിരിട്ടതും ഞാന്‍ മാത്രമാണ്.. യഥാര്‍ത്ഥത്തില്‍ ഞാന്‍, ഞാന്‍ തന്നെ ആയിരുന്നോ? കാരണം, 25 വര്‍ഷത്തെ ദാമ്പത്യവും, 15 വയസുള്ള മകളും അയാളുടെ മാത്രമായിരുന്നില്ലെ..

ആറു വര്‍ഷത്തെ കാമുകി സ്ഥാനം രാജിവെച്ച് ഒഴിയാന്‍ ഒരു വര്‍ഷമായി മാനസികമായുള്ള തയ്യാറെടുപ്പിലായിരുന്നു താര. ഒട്ടും എളുപ്പമല്ലാത്ത ഒരു വിടവാങ്ങല്‍. ഒറ്റക്കായി പോകുന്നതില്‍ അല്ല, മറിച്ച് അയാളെ ഒറ്റപ്പെടുത്തി പോകുന്നതിലാണ് സങ്കടം. അവളുടെ ശൂന്യത അയാളില്‍ മുറിവേല്‍പ്പിക്കുമോ എന്നറിയില്ല. എന്നാല്‍ അയാള്‍ ഇല്ലാത്ത ലോകം അവള്‍ക്ക് ശൂന്യമാണ്. പിന്നെ എന്തിനുവേണ്ടി എന്ന് ചോദിച്ചാല്‍ അതിനും താരയുടെ കയ്യില്‍ ഉത്തരമില്ല. ചിലത് അങ്ങനെയാണ് ഒരു ഘട്ടത്തില്‍ വേര്‍പെട്ടു പോയി തന്നെ ആകണം വേരുകള്‍ക്ക് എത്ര ഉറപ്പുണ്ടെങ്കിലും..


Related Articles