വളരെ അപ്രതീക്ഷിതമായാണ് അവള്‍ എന്റെ മുറിയിലേക്ക് കടന്ന് വന്നതും, മേശപ്പുറത്തേക്ക് കൈയ്യൂന്നി എന്നെ കാണാന്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന ചോദ്യം ചോദിച്ചതും. ആ ചോദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെയോ വെച്ച് കേട്ടുമറന്ന ഒരു ഈണത്തിന്റെ ബാക്കിപത്രം പോലെ. ആ നിമിഷം, എന്റെ മുറിയിലെ ചുമരുകള്‍ക്ക് ജീവന്‍ വെച്ചു. പുറകിലെ ചുവരില്‍ പതിപ്പിച്ച പഴയ കലണ്ടറിലെ തീയതികള്‍ അതിവേഗം പിന്നോട്ടോടി.
ഞാനപ്പോള്‍ അത്ഭുതപ്പെടുകയോ അമ്പരക്കുകയോ ഉണ്ടായില്ല. അവളെപ്പോലെ ഒരാള്‍ എന്നെങ്കിലും ഇങ്ങനെ കടന്നുവരുമെന്ന് എന്നോ മനസ്സ് കണക്കു കൂട്ടിവെച്ച പോലെയായിരുന്നു എന്റെ ഭാവമപ്പോള്‍. എങ്കിലും ഞാന്‍ ചിരിച്ചില്ല. അവളുടെ ചിരിയിലും വര്‍ത്തമാനത്തിലും പ്രകടനങ്ങളിലും പ്രതിഷേധമോ സന്തോഷമോ കാണിക്കാതെ ഒരു നിര്‍വ്വികാര ഭാവത്തോടെത്തന്നെ ഞാന്‍ ഇരുന്നു.
പക്ഷേ, അവളുടെ ഓരോ ചലനങ്ങളിലും അതിരറ്റ സന്തോഷം പ്രകടമായിരുന്നു. എന്റെ മൗനത്തിലും എന്റെ ഉള്ളില്‍ അണകെട്ടി നിന്നിരുന്നു എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിട്ടും പുറത്ത് കാണിക്കാതിരിക്കുകയും ചെയ്ത എന്റെ അത്ഭുതത്തിലും, അത് ഒരു കണികയെങ്കിലും എന്റെ മുഖത്ത് പടരാതിരിക്കാന്‍ എന്തിനോ വേണ്ടി ഞാന്‍ നടത്തുന്ന ശ്രമത്തേയും ഒന്നും പരിഗണിക്കാതെ, അവള്‍ വീണ്ടും ചോദിച്ചു.
