പഞ്ചാരത്തോടിനോട് ചേര്‍ന്ന പുല്ലാനിപ്പാറയുടെ മുകളിലിരുന്നാണ് 'ഷൈലോ' കഥകള്‍ പറയുക. ഷൈലോയുടെ കഥകള്‍ മൈക്കിള്‍ മാത്രമേ കേട്ടിട്ടൊള്ളൂ, തോട്ടിന്‍ വക്കത്ത് കൈതോല വെട്ടാറുള്ള സാറാമ്മച്ചി കൈ കഴക്കുമ്പോള്‍ പുല്ലാനിപ്പാറയില്‍ വന്നിരിക്കും. കഥയുടെ പാതിയില്‍ വെച്ച് ഒപ്പം കൂടിയത് കൊണ്ട് ഒന്നും മനസ്സിലാവാതെ സാറാമ്മച്ചി ഷൈലോയെ മിഴിച്ചു നോക്കും.
ഷൈലോയുടെ വീട്ടില്‍ ചിത്രം വര പഠിക്കാനെത്തുന്ന കുട്ടികളില്‍ മൈക്കിളൊഴികെ ബാക്കിയെല്ലാവരും പട്ടണത്തിലെ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളും ട്യൂഷനും കഴിഞ്ഞവരെത്തുവോളം പുല്ലാനിപ്പാറയിലിരുന്ന് മൈക്കിളും ഷൈലോയും കഥകള്‍ പറയും. എബികുട്ടന്റെ ബൂട്ട് തട്ടി പഞ്ചാരപ്പാലത്തിന് മുകളിലെ കൈവരിപ്പാലം കുലുങ്ങുമ്പോള്‍ ഷൈലോ കഥകള്‍ നിര്‍ത്തും. എബിക്കുട്ടന് പുറകില്‍ കുട്ടികള്‍ ഓരോരുത്തരായി അപ്പോഴേക്കും പഞ്ചാരത്തോട് മുറിച്ചു കടന്ന് വരാന്‍ തുടങ്ങിയിരിക്കും.
ഷൈലോയാണ് ടോട്ടോച്ചാന്റെ കഥ പറഞ്ഞ് തന്നത്. അതില്‍ പിന്നെ അനിയത്തി പോപ്പിയെ മൈക്കിള്‍, ടോട്ടോച്ചാനെന്നെ വിളിക്കൂ. ഷൈലോ പറഞ്ഞ അനേകം കഥകള്‍ക്ക് പകരമായി മൈക്കിള്‍, ഷൈലോക്ക് പഞ്ചാരത്തോടിന്റെ കഥ പറഞ്ഞ് കൊടുത്തിട്ടുണ്ട്.
