ശ്യാമ

Readers Ink

ശ്യാമ


ഹരിയെ കാണാന്‍ രഘുവിനൊപ്പം മുണ്ടൂരിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വെളിച്ചം ചെറുതായി വളരുന്നുണ്ടായിരുന്നു. കുളക്കോഴികള്‍ നീരാടുന്ന, കര്‍ക്കിടകത്തില്‍ ചുവന്ന് കലങ്ങുന്ന അമ്പാട്ടെ പൊട്ടന്‍ക്കുളത്തിന് സമാനമായിരുന്നു അന്നവളുടെ കണ്ണുകള്‍. മുഖപ്രകാശമാകെ തോര്‍ന്നിരുന്നു. അഞ്ചേമുക്കാലിന്റെ അനാമികയില്‍ കയറിയതും അവള്‍ ബസ്സിലെ തണുത്ത കമ്പിയില്‍ ചാരിക്കിടന്നു. രഘു തോളിലൂടെ കൈയിട്ട് അവളെ കഴിയുന്നത്ര തന്നിലേക്ക് ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു.

അയാളുടെ വിരലുകളില്‍ വിരലോടിച്ചുകൊണ്ട് അവള്‍ മനസ്സില്‍ പറഞ്ഞു: 'സത്യത്തില്‍ രഘുവേട്ടന്‍ എന്തൊരു പാവമാണ്. ഈ പാലക്കാട്ടുകാരന്‍ പലചരക്കുകടക്കാരന്റെ ഹൃദയം നിറയെ സ്‌നേഹമാണ്. അല്ലെങ്കില്‍ ഇങ്ങനെയൊരു യാത്രയില്‍ ഏത് പുരുഷനാണ് സഹധര്‍മിണിക്ക് തുണ വരിക.?' അവര്‍ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിച്ചപ്പോഴേക്കും വെളിച്ചം മനുഷ്യരുടെ നിഴലുകള്‍ വരഞ്ഞിടാനുളള സിദ്ധിനേടി തുടങ്ങിയിരുന്നു.

ശ്യാമയുടെ അനുമതിയാരായാതെ സ്റ്റാന്‍ഡില്‍ ആദ്യമിരുന്ന കടയില്‍ കയറി രഘു രണ്ടു ചായ പറഞ്ഞെങ്കിലും അവളത് കുടിക്കാന്‍ കൂട്ടാക്കിയില്ല. കടക്കാരന്‍ അനായാസമായി ചായവീശിയടിക്കുന്നതുകണ്ടപ്പോള്‍ എന്തുകൊണ്ടോ അവള്‍ ഹരിയെ ഓര്‍ത്തു.


Related Articles