കുറെ നാളുകള്‍ക്കു ശേഷമാണ് വൈഗ അവളുടെ ഡയറിയില്‍ സൗഹൃദത്തിനായി ഒരു പേജ് മാറ്റിവെച്ചത്. അതിനു കാരണം പത്രത്തിലെ ചരമക്കോളത്തില്‍ കണ്ട സുഹൃത്തിന്റെ ചിത്രവും.
ഈ കഥ എവിടെ നിന്നാണ് തുടങ്ങേടത്? എന്നില്‍ നിന്നോ, അവളില്‍ നിന്നോ, ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രിയപ്പെട്ട അയാളില്‍ നിന്നോ..? രണ്ടു സ്ത്രീ ഹൃദയങ്ങള്‍ ഒരു പോലെ തേങ്ങി പോയ നിമിഷങ്ങള്‍. ഒന്നിനും മറ്റൊന്ന് പകരമില്ല.. അയാള്‍ക്ക് പകരമാകാന്‍ ആര്‍ക്കും ആവില്ല.
പെണ്ണിനെന്നും നല്ല സുഹൃത്ത് ഒരാണ് തന്നെയാണ്. സൗഹൃദത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഹൃദയബന്ധമാണ്. ആ സൗഹൃദയത്തിന് ചിലപ്പോള്‍ പല ഭാവങ്ങള്‍ വന്നുവെന്നുമിരിക്കാം. ഏതു ബന്ധത്തിനായാലും സൗഹൃദത്തിന്റെ ഒരു വലയം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ എത്ര മനോഹരമയിരിക്കും.
അയാള്‍ മരിച്ചു പോയി എന്നറിഞ്ഞപ്പോളാണ് ആദ്യമായി അവള്‍ അയാളുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഓര്‍മ്മകളുടെ താഴ്വരയില്‍ നിന്നും തൂമഞ്ഞില്‍ പൊതിഞ്ഞ തണുത്ത നിശ്വാസം പോലെ ഒരു യാത്ര. ചലിക്കാനാവാത്ത ആ ശരീരം കാണാന്‍ അല്ല, ആശ്വാസവാക്കുകള്‍ കൊണ്ട് ആരെയും ആശ്വസിപ്പിക്കാനുമല്ല. ഒന്നിച്ചിരുന്നു പങ്കുവെച്ച സൗഹൃദ നിമിഷങ്ങള്‍ ഒന്നൂടെ ഓര്‍ത്തെടുക്കാന്‍ ഇങ്ങനൊരു യാത്രയ്‌ക്കെ കഴിയൂ.
