പൗര്‍ണമി

Readers Ink

പൗര്‍ണമി


ആ വരാന്തയില്‍ ചിന്തകളില്‍ മുഴുകി അയാളിരുന്നു. ലൈറ്റ് ഓഫാക്കിയിരിക്കുകയാണ്. എന്തോ, ആ സമയം തന്റെ കണ്ണുകളെയും ചിന്തകളെയും മറയ്ക്കാന്‍ ഇരുട്ടാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നി.

അച്ഛന്റെ മരണശേഷം ഇന്ന് മൂന്നാം ദിവസമാണ്. വിവരമറിഞ്ഞ് വന്നെത്തിയവരെല്ലാം ഇന്നലെയോടെ മടങ്ങി. വീട് വീണ്ടും മൂകമായി. അച്ഛനില്ലാത്ത വീട്.. തനിക്കും നാളെ മടങ്ങണം. ഇനിയും ലീവ് കിട്ടില്ല. ഏട്ടനും ഏട്ടത്തിയമ്മയും അവരുടെ മക്കളും എല്ലാം ഇവിടെയുണ്ടെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി പോകുന്ന പോലെ ഒരു വിഷമം അയാള്‍ക്ക് തോന്നി.

ഏയ്, താനെന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്? അവരെല്ലാവരും നല്ല സ്‌നേഹമുള്ളവരാണ്. അമ്മയെ അവര്‍ നല്ലവണ്ണം നോക്കിക്കോളും. എങ്കിലും, ആര്‍ക്കും തന്നെ അച്ഛന് പകരമാകാന്‍ കഴിയില്ലല്ലോ! അന്നും ഇന്നും ഞങ്ങളുടെ കണ്ണിലെ മാതൃകാദമ്പതിമാരായിരുന്നു അവര്‍.

സ്‌നേഹം, സ്വാതന്ത്ര്യം, ബഹുമാനം, മനസ്സിലാക്കല്‍ എല്ലാം അവര്‍ തമ്മില്‍ വേണ്ടുവോളും ഉണ്ടായിരുന്നു. ജീവിതത്തിലെ പാഠങ്ങള്‍ പലതും താനും ഏട്ടനും അറിഞ്ഞതും പഠിച്ചതും അവരില്‍ നിന്നാണ്. ഇനി അവരില്‍ ഒരാള്‍ മാത്രം ബാക്കി! ഇനിയുള്ള ജീവിതയാത്രയില്‍ തനിച്ചു നീങ്ങാന്‍.. ഓര്‍മ്മകളുടെ പാഥേയത്തെ നെഞ്ചോടടക്കിപ്പിടിച്ചുള്ള യാത്ര. ഒടുവില്‍ ഒരുപക്ഷേ മരണത്താല്‍ വീണ്ടും ഒന്നിക്കും വരെ..


Related Articles