പ്ലാവിലെ ചക്ക എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ തോന്നുന്നുണ്ടാവും ഇയാള്‍ ഇതെന്താ പറയുന്നത്? പ്ലാവില്‍ അല്ലാണ്ട് പിന്നെ മാവിലാണോ ചക്ക കായ്ക്കുന്നതെന്ന്..! തികച്ചും സ്വാഭാവികമായൊരു സംശയം.
തിരുവനന്തപുരം നഗരഹൃദയത്തിലെ എന്റെ ഓഫീസിലെ ഒരു ഉച്ചയൂണ് സമയം. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരുന്നു. ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ ഒരു തീന്‍മേശ എന്നതിനേക്കാള്‍ ചെറിയൊരു പരദൂഷണശാലയായി അവിടം മാറും. തമ്മില്‍ പങ്കിടാനായി പല തരത്തിലുള്ള വിഷയങ്ങളും വിഭവങ്ങളും അവിടെ ഉണ്ടാകും. അങ്ങനെയിരിക്കെ കൂട്ടത്തില്‍ ഒരാള്‍ ചക്കപ്പുഴുക്ക് കൊണ്ടുവരികയും, അത് ഞങ്ങള്‍ക്കെല്ലാമായി പങ്കുവയ്ക്കുകയും ചെയ്തു.
വിളഞ്ഞ വരിക്കചക്ക നന്നായി വേവിച്ച് ഉടച്ച്, അതില്‍ തേങ്ങയും പച്ചമുളകും, ഉള്ളിയും കടുക് പൊട്ടിച്ചതും കറിവേപ്പിലയും ഇട്ട് നല്ല വാസനയുള്ള വെളിച്ചെണ്ണയും തൂവിയ ഒരു അടിപൊളി പുഴുക്ക്. പെട്ടെന്നാണ് ഇത് കഴിച്ചകൊണ്ടിരുന്ന ഒരു സഹപ്രവര്‍ത്തക പറഞ്ഞത്, 'എനിക്കൊരു ചക്ക വേണം, അതും പ്ലാവിലെ ചക്ക തന്നെ വേണം..!'
