തന്റെ കടയുടെ ആദ്യത്തെ ജനല്‍ച്ചില്ലുതകര്‍ന്നപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് ജേക്കബ് കരുതിയത്. പക്ഷേ, തന്നെത്തേടിയും അവര്‍ എത്തിയെന്ന് വളരെ വൈകാതെ തന്നെ അയാള്‍ക്കു മനസ്സിലായി.
അലക്‌സാണ്ടര്‍ പ്ലാറ്റ്‌സിന് സമീപമുള്ള കല്ലുപാകിയ നടവഴിയുള്ള വിശാലമായ തെരുവില്‍ വര്‍ഷങ്ങളായി ഒരു ചെറിയ തയ്യല്‍ക്കട നടത്തി വരികയാണ് ജേക്കബ്. ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ അയാള്‍ തയ്ക്കുന്ന ജാക്കറ്റുകള്‍ക്കും സ്യൂട്ടുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. കഠിനാദ്ധ്വാനിയായ അയാള്‍, നൂറുകണക്കിന് ജാക്കറ്റുകളും സ്യൂട്ടുകളും ഇതിനോടകം തന്നെ തയ്ച്ചിട്ടുണ്ട്. പക്ഷേ, മകള്‍ റൂത്തിനു വേണ്ടി തുന്നിയ നീല കമ്പിളിക്കോട്ടാണ് തന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നയാള്‍ വിശ്വസിക്കുന്നു.
അയാളുടെ മൂത്ത മകളായ റൂത്തിന് ഡിസംബറില്‍ ഒന്‍പതുവയസ്സാകുന്നു. ഇളയ മകള്‍ ഏലിക്ക് അഞ്ചുവയസ്സുണ്ട്. അയാളുടെ ഭാര്യ മിറിയം, അവള്‍ക്കു മനോഹരമായി ഹാന്‍ഡ് എംബ്രോയിഡറി ചെയ്യാനറിയാം. മിറിയം, വീട്ടുജോലി കഴിഞ്ഞു തന്റെ സമയം ചിലവഴിക്കുന്നത് അതിനുവേണ്ടിയാണ്. ആവശ്യക്കാര്‍ക്ക് എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളും അയാള്‍ ഭാര്യയെക്കൊണ്ടു ചെയ്യിപ്പിച്ചുകൊടുക്കാറുണ്ട്.
