ഒരു ജന്മത്തിനും തന്റെ മനസില്‍ നിന്ന് തൂത്തു മാറ്റാനാവാത്ത ഉറുവിലേയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബുദ്ധന്‍ വന്നു. സന്ധ്യയുടെ മുഖം തുടുത്തിരുന്നു. അകലെ ഫാല്‍ഗൂ നദീ ശാന്തമായി ഒഴുകുന്നത് ബുദ്ധന്‍ കണ്ടു. നിരത്തുകളില്‍ ആളുകള്‍ അവരവരുടെ ജീവിതത്തിന് പിന്നാലെ പോകുന്നത് കാണാമായിരുന്നു. കാക്കകള്‍ അന്നത്തെ വിശേഷങ്ങള്‍ ആകാശത്തോട് പറയുന്നത് ബുദ്ധന്‍ കേട്ടു. പക്ഷികളുടെ ഭാഷ ബുദ്ധന് വശമായിരുന്നു.
കാക്കകള്‍ പറഞ്ഞു, 'ഫാല്‍ഗൂ-വിന് മറ്റൊരു പേരുണ്ട്, നിരഞ്ജന നദി എന്ന്. ഈ രണ്ടു പേരുകളില്‍ രണ്ടാമത്തെ പേരായിരുന്നു ബുദ്ധന് ഏറെ ഇഷ്ടം.' അത് കേട്ട് ഊറി ചിരിച്ച്, ബുദ്ധന്‍ നദീക്കരയിലേക്ക് നടന്നു.
ഇരുട്ട് അകലെ നിന്ന് ഭൂമിയിലേക്ക് നോക്കുന്നത് കാണാമായിരുന്നു. പടര്‍ന്നു പന്തലിച്ച ഒരു പാട് മരങ്ങള്‍ ബുദ്ധന്‍ കണ്ടു. താന്‍ അന്വേഷിക്കുന്ന മരത്തെയും കണ്ടു. ഞാനിവിടെ ഉണ്ട്. ഇങ്ങോട്ട് പോരൂ. അല്‍പം അകലെ നിന്ന് ബുദ്ധനെക്കാള്‍ പ്രായം ചെന്ന ഒരു മരം വിളിച്ച് പറഞ്ഞു. ബുദ്ധന്‍ അതിന്റെ ചുവട്ടിലേയ്ക്ക് നടന്നു. ഇലകള്‍ തലയില്‍ വര്‍ഷിച്ച് ആ മരം അദ്ദേഹത്തെ സ്വീകരിച്ചു. അതിന്റെ ചുക്കിചുളിഞ്ഞ പുറംപാളികളില്‍ ബുദ്ധന്‍ വിരലുകള്‍ ഒടിച്ചു. മരം അതേറ്റ് വാങ്ങാന്‍ എന്ന പോലെ മിഴികള്‍ അടച്ചു നിന്നു.
