അച്ഛന്‍ കണ്ണുരുട്ടിയാല്‍ എനിക്ക് പേടിയായിരുന്നു. അച്ഛന്റെ ശബ്ദത്തിന്റെ കനം കൂടിയാല്‍ ഉള്ളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമായിരുന്നു എനിക്ക്. അച്ഛന്റെ ഒരു മൂളിച്ചയില്‍ പോലും ആജ്ഞാപനത്തിന്റെ കാണാക്കയങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു. അച്ഛന്റെ വാക്കുകള്‍ പാറക്കെട്ടുകളേക്കാള്‍ ദൃഢമായിരുന്നു. നേരം വെളുക്കുവോളം കിടന്നുറങ്ങിയാല്‍ രാവിലെ കുളിച്ചില്ലെങ്കില്‍ തൊടിയിലും മരത്തിലും കയറി നടന്നാല്‍ സന്ധ്യാനാമം മുടക്കിയാല്‍ ഒക്കത്തിനും പൂരത്തിന് വാങ്ങിയ ചൂരല്‍ വടിയില്‍ ആയിരുന്നു മറുപടി. അച്ഛന്റെ അടുത്തൊന്ന് ചെല്ലാനോ അച്ഛനെ ഒന്ന് തൊട്ടുരുമ്മി നില്‍ക്കാനുമൊക്കെ ഏറെ കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷെ അന്നൊക്കെ ആ മോഹത്തിനും അപ്പുറമായിരുന്നു അച്ഛനോടുള്ള പേടി.
ഓര്‍മ്മകളില്‍ എല്ലായ്‌പ്പോഴും 'അച്ഛന്‍' എനിക്ക് പേടിയായിരുന്നു. ഒരിക്കല്‍ സന്ധ്യ എത്തിയിട്ടും വീടെത്താതിരുന്നതിനും നാമജപം മുടക്കിയതിനും പുറംകാലില്‍ തടിച്ചു വീര്‍ത്ത കിടന്ന 'പെരുമ്പാമ്പിന്റെ' നീറ്റല്‍ ഇന്നും മനസ്സിലുണ്ട്. എന്നെ കൂട്ടാന്‍ വന്നിട്ട് മടങ്ങി ചെല്ലാന്‍ താമസിച്ച ഏട്ടനും കിട്ടിയിരുന്നു പൊതിരെ തല്ല്. പാവം... ഏട്ടന്റെ വെളുവെളുത്ത പുറംമേനിയില്‍ ചോരയില്‍ വരച്ചിട്ട വരകളില്‍ നോക്കിയപ്പോള്‍ 'കളി തീര്‍ന്നിട്ട് പോയാല്‍ മതി'യെന്ന് ശഠിച്ച വാര്യത്തെ കുഞ്ഞുലക്ഷ്മിയെ കൊന്നു തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നെനിക്ക്. പക്ഷെ വേണ്ട പാവം ഇത്തിരിനേരം കൂടി എന്റെ ഏട്ടനെ കണ്ട് നിക്കാനുള്ള കൊതികൊണ്ടല്ലേ എന്നോര്‍ത്തപ്പോള്‍ ഉള്ളിലെ സ്‌നേഹം വിങ്ങി.
കാലങ്ങള്‍ എത്ര പെട്ടെന്നാണ് പായുന്നത്. യന്ത്രങ്ങളേക്കാള്‍ വേഗത്തില്‍ നദികളും കുന്നുകളും പാറക്കെട്ടുകളും താഴ്വരങ്ങളും പാടനിലങ്ങളും കടലുകളും മരുഭൂമികളും താണ്ടി കാലം പായുന്നു. ആരും പ്രതീക്ഷിക്കാത്തിടത്തേക്ക് ആര്‍ക്കും വേണ്ടാത്തിടത്തേക്ക്, ആരാലും ചോദ്യം ചെയ്യാന്‍ ഇല്ലാത്തിടത്തേക്ക് വിധി നമ്മെയും കൈക്കുമ്പിളിലാക്കി പായുകയാണ്.
