1980-ലെ ഒരു ഡിസംബര്‍ ദിവസം
അസ്തമയപശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കിലെ ഡക്കോട്ട ബില്‍ഡിങ്ങിനു മുന്നില്‍ കളിചിരിയും വര്‍ത്തമാനവും പാട്ടും കൈയില്‍ പുകയുന്ന സിഗററ്റുമായി നിന്നിരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒരാള്‍ക്കൂട്ടത്തിനടുത്തേക്ക് ഞാന്‍ മടങ്ങി ചെന്നു. അവരെപ്പോലെ എന്നാല്‍ അവരിലൊരാള്‍ ആകാതെ.
- ഞാന്‍ മാര്‍ക്ക് ചാപ്പ്മാന്‍.
ആകാംഷയോടെ സ്വയം പരിചയപ്പെടുത്തിയെങ്കിലും അവര്‍ അത് ശ്രദ്ധിച്ചില്ല. ചെറുതിരമാലകള്‍ പോലെ ഇഴഞ്ഞടുക്കുന്ന മഞ്ഞ നിറമുള്ള കാറുകള്‍ ആ ബില്‍ഡിങ്ങിനെ വലംവെച്ചു പലയിടത്തായി തീരത്തോടടുക്കുകയും ധൃതിപിടിച്ചു എങ്ങോട്ടോ പിന്‍വാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ജാക്കറ്റിന്റെ ആഴമുള്ള പോക്കറ്റുകളിലേക്ക് കൈയിറക്കി മനഃസാന്നിധ്യം കൈവിടാതെ 'ക്യാച്ചര്‍ ഇന്‍ ദ റൈ' എന്ന നോവലിന്റെ പ്രതിയും ലോഡ് ചെയ്ത പോയിന്റ് 38 റിവോള്‍വറും അവിടെത്തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തി. എന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ അവര്‍ പുകവലിയും വര്‍ത്തമാനവും തുടര്‍ന്നു. സമയം സന്ധ്യ കടന്നു രാത്രിയായി.
