നിസര്‍ഗധാമ

സന്ധ്യയോടെയാണ് ഞാന്‍ മടിക്കേരിയിലെത്തിയത്. സന്ധ്യകളില്‍ മടിക്കേരിക്ക് ഒരു പ്രത്യേക ഭംഗിയാണ്. നേര്‍ത്ത ഇരുട്ടിന്റെ ചേലയും ചുറ്റി ഒരു യുവതിയെപ്പോലെ ഈ പ്രദേശം, പ്രണയത്തിന്റെ ഉഷസ്സും വിഹായസ്സും പിന്നിട്ടെത്തുന്ന മഞ്ഞിനെ മെല്ലെ പുണരുന്നത് ഒരു ദൃശ്യാനുഭവം തന്നെയാണ്. പാതയോരങ്ങളില്‍ മരങ്ങള്‍ പൊഴിച്ചിട്ട മഞ്ഞു പടര്‍ന്ന പഴുത്തിലകള്‍ പോലും അപ്പോള്‍ കവിതകളാകും. പ്രേമ പാരവശ്യത്താല്‍ സ്വയം മറന്ന കാമുകനാണിവിടെ കാറ്റ്. സന്ധ്യകളില്‍ കാട്ടുചോലകളെക്കുറിച്ചുള്ള കാറ്റിന്റെ പാട്ട് കൂടുതല്‍ ആഴമുള്ളതും ആര്‍ദ്രവുമാകും. ഇങ്ങനെ നോക്കിയാല്‍ ഉണര്‍വിനും ഉർവരതക്കും രാഗോന്മാദങ്ങള്‍ക്കുമൊക്കെ മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. അതുകൊണ്ടൊക്കെത്തന്നെയായിരിക്കാം സോഫിയ മടിക്കേരിയെ വല്ലാതെ ഇഷ്ടപ്പെട്ടത്.

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കണമെന്നാഗ്രഹിച്ച സോഫിയയെ കോരിത്തരിപ്പിക്കുന്ന അന്തരീക്ഷം കൊണ്ടും മനം മയക്കുന്ന ഹരിതാഭ കൊണ്ടും എന്നും ഇവിടം മാടി വിളിച്ചു. അവളുടെ ബാപ്പക്ക് ലക്ഷ്മണ തീര്‍ത്ഥ നദിയൊഴുകുന്ന താഴ്‌വരയില്‍ ഒരു തോട്ടമുണ്ട്. അവിടെ നദിയോട് ചേര്‍ന്ന് 'മര്‍ഹബ' എന്ന ഒരു ഫാം ഹൗസും. മുന്‍പൊക്കെ അവധിക്കാലങ്ങളില്‍ ഉമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം അവള്‍ ഫാം ഹൗസിലെത്തും. കൊച്ചിയിലെ വീട്ടില്‍ നിന്നും കാറിലാണ് വരിക. ബാപ്പ തന്റെ ഡ്രൈവര്‍ മൂസക്കുഞ്ഞിനെ കാറുമായി അയക്കും.

'ഹണിമൂണ്‍ നമുക്ക് മര്‍ഹബ-യിലാക്കാം.', വിവാഹ നിശ്ചയത്തിന്റെ അന്ന് അവള്‍ എന്നോട് പറഞ്ഞു.


Related Articles