നീര്‍ച്ചുഴി

Readers Ink

നീര്‍ച്ചുഴി


വില്ലേജാഫീസിലെ ചുവരിലുണ്ടായിരുന്ന കലണ്ടറിലെ തീവണ്ടിയുടെ ചിത്രം അയാളൊരു ദിവസം കീറിക്കളഞ്ഞു. കൂടെയുള്ളവര്‍ ചോദിച്ചപ്പോള്‍ ചൂളംവിളി അസഹനീയമെന്നാണ് അയാള്‍ പറഞ്ഞത്. അവരുടെയെല്ലാം കണ്ണുകളില്‍ വിടര്‍ന്ന പ്രത്യേകഭാവം!

തനിക്കെന്തോ പ്രശ്‌നമുണ്ടെന്ന് അയാള്‍ക്ക് സ്വയം തോന്നിത്തുടങ്ങിയിരുന്നു. മറ്റാരെങ്കിലുമത് കണ്ടുപിടിക്കുമെന്ന് ഭയന്നു സ്വയമതൊളിച്ചു വയ്ക്കാന്‍ മൗനിയാകുന്നത് പതിവായി. കാണുന്നതിലെല്ലാം കാണാത്തതെന്തോ തേടുകയായിരുന്നയാള്‍.

'വിജയന്‍പിള്ളേ എനിക്കൊരു ഡോക്ടറെ കാണാന്‍ പോകണം.' ഒരു ദിവസം ഓഫീസിലുള്ള സഹപ്രവര്‍ത്തകനോട് അയാള്‍ പറഞ്ഞു. അവര്‍ ഒരുമിച്ചാണ് ഡോക്ട്ടറെ കാണാന്‍ പോയത്. രണ്ടുപേരെയും കണ്ടപ്പോള്‍ ജോണേട്ടന്‍ ഇരിക്കെന്നും ഇതാണോ പറഞ്ഞ ആളെന്നും വിജയന്‍പിള്ളയോട് ഡോക്ടര്‍ ചോദിക്കുന്നത് കേട്ടപ്പോഴാണ് തന്നെപ്പോലെ എന്തോ കുഴപ്പം ഡോക്ടര്‍ക്കും ഉണ്ടെന്ന് അയാള്‍ക്ക് തോന്നിയത്. പിന്നീട് കുറെ ചിത്രങ്ങള്‍ കാണിച്ച് ഇതൊക്കെ എന്താണെന്ന് ചോദിച്ചപ്പോള്‍ അതുറപ്പായി.

ചിത്രങ്ങളിലുള്ളത് അയാള്‍ കണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. പേപിടിച്ച് വായ് പിളര്‍ന്ന നായ, ചുറ്റുപിണഞ്ഞസര്‍പ്പക്കുഞ്ഞുങ്ങള്‍ തുണിയില്ലാത്ത പെണ്ണുങ്ങള്‍. ഡോക്ടറുടെ മുറിക്കുള്ളിലെ ചുമരുകളിലുണ്ടായിരുന്നതും ഇത്തരം ചിത്രങ്ങളായിരുന്നു. അയാളുടെ ഉത്തരങ്ങള്‍ കേട്ടു ഡോക്ടര്‍ ചില മരുന്നുകള്‍ കുറിച്ചുകൊടുത്തു. അയാളത് വാങ്ങുകയും വീട്ടിലേക്ക് പോകുന്ന വഴിയിലെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു.


Related Articles