അര്‍ദ്ധരാത്രിയില്‍ കാട്ടുവഴിയില്‍ നിന്നൊരു പെണ്ണ്, കാറിന് കൈ കാണിക്കുക! നിര്‍ത്തരുതെന്ന് തീരുമാനിച്ചിട്ടും അറിയാതെ കാര്‍ നിന്നുപോകുക. പിന്നെ അവളുമായി യാത്ര തുടരുക. എല്ലാം ദുരൂഹതകള്‍ നിറഞ്ഞതും, എന്നാല്‍ യാദൃശ്ചികവുമായിരുന്നു.
'കാട്ടുവഴിയാണ്! സമയം വൈകുന്നു, ഒരു രാത്രി മുഴുവന്‍ ഡ്രൈവുണ്ടാകും.' എല്ലാം അറിഞ്ഞുതന്നെയാണ് അയാള്‍ പുറപ്പെട്ടത്. വീട്ടിലെത്തേണ്ടത് അത്യാവശ്യമാണ്, ഡോക്ടറുടെ കണക്ക് പ്രകാരം അവളുടെ പ്രസവത്തിനിനിയും ഒരു മാസം ബാക്കിയായിരുന്നു.
അടുത്ത മാസമായിരുന്നു ഡേറ്റ് കുറിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവള്‍ ഗര്‍ഭിണിയായത്. ഇതിനിടയില്‍ പലവട്ടം കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടുപോയെങ്കിലും ഇതു നഷ്ടപ്പെടാന്‍ പാടില്ല. കാരണം ഇതു കഴിഞ്ഞാല്‍ ഇനിയൊരു സാധ്യതയ്ക്ക് ആശയില്ല. വയസ്സ് അന്‍പത് കഴിയുകയാണ്.
രാവിലെയാണ് ഫോണ്‍ കോളെത്തിയത്. 'മോനെ ഫാത്തി പ്രസവിച്ചു, നീ എത്രയും പെട്ടെന്ന് വരാന്‍ നോക്കണം.' അവളുടെ അമ്മ ഫോണ്‍ ചെയ്തു പറഞ്ഞു.
