മൂകം

Readers Ink

മൂകം


പറയുവാനേറെ പ്രത്യേകതകളൊന്നുമില്ലാത്ത, തികച്ചും സാധാരണമായ ഒരു ഞായറാഴ്ച. അവധിയുടെ ആലസ്യം പേറുന്ന നിരത്തുകള്‍. പടിഞ്ഞാറു നിന്ന് വീശുന്ന തണുത്തകാറ്റ് മഴമേഘങ്ങളെ കൂട്ടുപിടിക്കാനുള്ള തത്രപ്പാടിലാണ്. വാച്ചിലേക്കുനോക്കി ധൃതിയില്‍ നടക്കുമ്പോള്‍, പള്ളിമണിയുടെ ശബ്ദം ദൂരെ മുഴങ്ങിക്കേള്‍ക്കുന്നു. നനുത്ത സ്പര്‍ശനത്താല്‍ ഉഷ്ണച്ചൂടില്‍ നിന്നു രക്ഷനേടാന്‍ കാത്തിരിക്കുന്ന മണ്‍ത്തരികളിലേയ്ക്കു മഴത്തുള്ളികള്‍ പടര്‍ന്നുക്കയറും മുന്‍പ് പള്ളിയിലെത്തണം.

നേരിയ പനിക്കോളുണ്ടായിരുതിനാലാണ്, എഴുന്നേല്‍ക്കാന്‍ സ്വല്‍പം വൈകിയത്. പനിപിടിച്ചു കമ്പിളിപ്പുതപ്പിനടിയില്‍ കിടന്നുറങ്ങിയിരുന്ന കുട്ടിക്കാലത്തില്‍ നിന്ന്, കുടുംബിനിയായി രൂപമാറ്റം പ്രാപിച്ചപ്പോള്‍ ഇന്നേറ്റവും നഷ്ടം തോന്നുന്നത് പനിച്ചൂടില്‍ കൊതിച്ചിരുന്ന അമ്മമണമാണ്. ഇപ്പോള്‍ ആ ഭാവം ഏറ്റെടുക്കുന്നത് ഞാനാണല്ലോ. കുറച്ചു നാള്‍ കഴിയുമ്പോള്‍, ഒരു പക്ഷെ ഇപ്പോള്‍ എന്റെ കൈയില്‍ തൂങ്ങി നടക്കുന്ന അനുവും ഇതുതന്നെ പറയുമായിരിക്കും.

സാധാരണ നേരം വൈകാറില്ല. ആദ്യത്തെ മണി മുഴങ്ങും മുന്‍പേ പള്ളിയില്‍ എത്തി കുരിശ് വരയ്ക്കുന്നതാണ്. അനുവിന് ഇന്ന് എഴുന്നേല്‍ക്കാന്‍ ഇച്ചിരി മടി ഉണ്ടായിരുന്നു. ഒരു വിധമാണ് കുത്തിപ്പൊക്കി കൊണ്ടു വന്നത്. എട്ടരയ്ക്ക് തുടങ്ങുന്ന കുര്‍ബാനയ്ക്ക് എട്ടേകാലിനെങ്കിലും എത്താതിരിക്കുന്ന വേദോപദേശ വിദ്യാര്‍ത്ഥികളെ അള്‍ത്താരയില്‍ കയറ്റി നിര്‍ത്തി കുര്‍ബാന കൂടിക്കും എന്നാണ് വികാരിയച്ചന്റെ പുതിയ ഭീഷണി. ആല്‍വിന്‍ പിന്നിപ്പോ സൈക്കിളില് പോകുന്നത് കൊണ്ട് അവന്റെ കാര്യം നോക്കണ്ട.


Related Articles