കുംഭ ചൂട് ആകാശത്തും ഭൂമിയിലും തിളച്ചു മറിയുമ്പോള്‍ അല്‍പം ദീര്‍ഘമായ കാല്‍വെപ്പുകളോടെ അയാള്‍ തൃശൂര്‍ റൗണ്ടില്‍ നിന്നും കൈരളി ശ്രീ തീയേറ്ററിന്‍റെ മുമ്പിലൂടെ ഇന്ത്യന്‍ കോഫി ഹൗസിലേക്ക് നടന്നു. അയഞ്ഞ ഷര്‍ട്ടിനകത്ത് ശരീരത്തിലൂടെ വിയര്‍പ്പ് ചാലുകള്‍ ഒഴുകുന്നത് അയാള്‍ അറിഞ്ഞു. വെളുത്ത ഡബിള്‍ മുണ്ടും വെളുത്ത ലിനന്‍ ഷര്‍ട്ടുമായിരുന്നു വേഷം. പഴകിയതെങ്കിലും അത് വൃത്തിയുളളതായിരുന്നു. പറ്റേ വെട്ടിയ മുടിയും വളര്‍ന്ന താടിയും വിടര്‍ന്ന അസ്വസ്ഥമായ കണ്ണുകളും ഏതോ ദൈന്യത വിളിച്ചോതി.
കോഫി ഹൗസിന്റെ മുന്നിലെത്തിയ അയാള്‍ കിതപ്പ് ആറാന്‍ എന്നോണം ഒന്നു നിന്നു. അങ്ങിനെ നില്‍ക്കേ അയാള്‍ ചുറ്റും നോക്കി കുറച്ചപ്പുറത്ത് ചുവന്ന മാരുതി സെന്‍ കാറില്‍ ചാരി നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ടു. അയാള്‍ വേഗം ചെറുപ്പക്കാരനടുത്തേക്ക് നടന്നു. അടുത്തെത്തിയ അയാളെ ചെറുപ്പക്കാരന്‍ സംശയത്തോടെ നോക്കി.
''ഞാന്‍ ബേബി...'' അയാള്‍ പറഞ്ഞു.
