മണ്ണാങ്കട്ടേം കരിയിലേം

Readers Ink

മണ്ണാങ്കട്ടേം കരിയിലേം


മണ്ണാങ്കട്ടേം കരിയിലേം കൂടി മലയ്ക്കു പോകാന്‍ തീരുമാനിച്ചു. കുരിശു മലകേറണോ ശബരിമലകേറണോന്നു സംശയിച്ചു സംശയിച്ച് ഒടുക്കം കുറവന്‍ മലകേറാമെന്നു മണ്ണാങ്കട്ടേം, കുറത്തിമലയേ ഒക്കൂന്ന് കരിയിലപ്പെണ്ണും കലപിലകൂട്ടി. കലിപ്പടക്കി, രണ്ടിടത്തും പോകാമെന്നു പരസ്പരം ശട്ടം കെട്ടി, വെളുക്കുമ്പോള്‍ വാക്കുമാറിയാല്‍ ഇടിച്ചു നെഞ്ചുങ്കൂടു കലക്കി പൊടിപ്പപ്പടമാക്കുമെന്നു കണവനോടും, ഒറ്റയൂത്തിനു പറത്തി പറങ്കിമലകേറ്റുമെന്നു ക്ടാത്തിയോടും ഭീഷണി മുഴക്കി, കെട്ടിപ്പിടിച്ചു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു രണ്ടുപേരും കിടന്നുറങ്ങി.

നേരം വെളുത്തപ്പോള്‍ ക്ടാത്തിപ്പുതപ്പു മാറിപ്പോയതിനു പിറുപിറുത്തുകൊണ്ട് കറുത്ത ചങ്കത്തെ കനത്ത രോമക്കൂട്ടങ്ങളെ പിഴുതെറിഞ്ഞു മണ്ണാങ്കട്ടപ്പന്‍ മൂരിനിവര്‍ന്നെണീറ്റു. പതിവു ചുക്കുകാപ്പിയനത്തേണ്ട നേരമായിട്ടും പെണ്ണാളെ കാണാഞ്ഞ്, ഒന്ന് അക്ഷമനായി നെടുവീര്‍പ്പിട്ടെങ്കിലും 'ഓ, ഒരുപ്പോക്കൊന്നും പോകാന്‍ തരമില്ലല്ലോ'യെന്നുറപ്പിച്ചൊന്നാശ്വസിച്ചുനിശ്വസിച്ച്, നെഞ്ചും തിരുമ്മി അടുക്കളച്ചാര്‍ത്തിലേക്കു കണ്ണെറിഞ്ഞു. പുതുമഴ നനഞ്ഞ്, പുത്തനുടുത്ത്, ഈറന്‍തോരാതെ മിനുങ്ങിവന്നു, നെറ്റിയേപ്പൊട്ടന്‍ കണക്കൊരു ചാന്തും കുത്തി, ദേ വന്നുനിക്കുന്നൂ, കരിയിലപ്പെണ്ണ്.

'നീയി ഉടുത്തൊരുങ്ങിയിതെങ്ങോട്ടാ?' ന്നു വായീന്നു വീണുകഴിഞ്ഞാണ് തലേന്നത്തെ കാര്യം തലയിലുദിച്ചതെന്നതുകൊണ്ട്, രാവിലെ മിണ്ടാതേം പറയാതേം എണീറ്റു പോയതിന്റെ കെറുവ് കാണിക്കാന്‍ ധൈര്യപ്പെടാതെ മണ്ണാങ്കട്ടക്കാന്തന്‍ ചൂടനൊരു ചുക്കുകാപ്പി മുന്‍കൂര്‍ ജാമ്യമിടാന്‍ തയ്യാറെടുത്തു, പെണ്ണിന്റെ ശുണ്ഠി തണുപ്പിക്കാന്‍. ക്ഷമാപണം പണ്ടേ നിഘണ്ടുവിലില്ലാത്ത കാര്യമായതുകൊണ്ട് അതിനു പ്രതീക്ഷിച്ചു നില്‍ക്കാതെ, ഈറനുടുത്ത ഇലഞരമ്പിനിടയിലൂര്‍ന്നുവന്ന ഈര്‍ഷ്യകലര്‍ന്ന ഗദ്ഗദത്തെ അവള്‍ തുളുമ്പാതെ വാര്‍ത്തു. മുട്ടന്‍ വഴക്കിനേക്കാള്‍ കണവനു ചേതം ഈ തിളച്ചു തൂവലാകയാല്‍ ഇറയത്തിറങ്ങിയൊന്നാകെ നനഞ്ഞ് കുളിരുമ്മയൊരെണ്ണം ചുക്കുകാപ്പിയില്‍ പൊതിഞ്ഞുകൊടുത്തു, പുറമേ പരുക്കനെങ്കിലും ഉള്ളില്‍ നനവുള്ള മണ്ണാങ്കട്ടക്കുട്ടപ്പന്‍.


Related Articles