മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ലാസ്റ്റ് അവര്‍ ക്ലാസ് ഇല്ലാത്തത് കൊണ്ട് സ്റ്റാഫ് റൂമിലെ മേശയില്‍ തല വെച്ച് മയങ്ങുകയായിരുന്നു. അമലിന്റെ നാളത്തെ അപ്പോയിന്‍മെന്റ് ഹോസ്പിറ്റലില്‍ വിളിച്ച് ഉറപ്പാക്കാനുള്ള റിമൈന്‍ഡറായിരുന്നു അത്.
സെറ്റ് ചെയ്യാത്ത റിമൈന്‍ഡറുകളാണെന്നെ ഭരിക്കുന്നതെന്ന് തോന്നാറുണ്ട്. ഒന്നും ഡിലീറ്റാവാന്‍ സമ്മതിക്കാതെ ഞാന്‍ തന്നെ റിമൈന്‍ഡര്‍ മോഡിലിട്ട് പ്രത്യേകം ഫോള്‍ഡറിലാക്കി സൂക്ഷിച്ചിരിക്കുന്ന കൊച്ചു കൊച്ചു ഫയലുകളാണെന്റെ ജീവിതമെന്നും..
ഞാന്‍ ഫോണെടുത്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ചിലപ്പോള്‍ സ്പീച്ച് തെറാപ്പി ചെയ്യുന്ന കുട്ടി ലീവ് എടുക്കുമെന്ന് പറഞ്ഞിരുന്നു.
'ലീവല്ല നാളെ വന്നോളൂ..', എന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആറേഴു വര്‍ഷമായി എല്ലാ അവധി ദിവസങ്ങളും ഹോസ്പിറ്റലില്‍ തന്നെയാണ്.
