അപ്പന് തൂങ്ങി ചത്തതിന്റെ രണ്ടാം നാളാണ്, അപ്പന്റെ മൂന്ന് വളര്‍ത്ത് പൂച്ചകളില്‍ അവശേഷിച്ചിരുന്നതിനെയും കാണാതായത്. ചാത്തന്‍ എന്നായിരുന്നു അവന്റെ പേര്.
ഏതാണ്ട് ഏഴുമാസം മുന്‍പ് പാതിരായ്ക്ക് സിനിമയും കണ്ടേച്ച് പാടം മുറിച്ച് കടക്കുന്നതിനിടയിലാണ് ഇവറ്റകളെ കാണുന്നത്. അപ്പന് അവറ്റകളെ കൂടെ കൂട്ടുന്നതിന് താല്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ മനസ്സിലാമനസ്സോടെ എടുത്തതാണ്. പൂച്ചകളെ എടുത്ത് വീട്ടില്‍ വന്ന അന്നാണ് ആദ്യമായി അപ്പന്‍ തൂങ്ങിമരിച്ച മുറിയില്‍ തിങ്ങിനിന്ന മണം എനിക്കാദ്യം കിട്ടിയത്.
'എന്നാടീ ഇവിടെ ഒരടങ്ങേറ് പിടിച്ച മണം...?' അന്ന് അപ്പന്‍ വീട്ടില്‍ കയറിയതേ ചോദിച്ചു.
'ഓ.. എന്നാ മണം... ഇതുങ്ങളെ എവിടെന്ന് കിട്ടി...?' അമ്മച്ചി വിഷയം മാറ്റി ഒരു പൂച്ചകുഞ്ഞിനെ കൈയ്യിലെടുത്തോണ്ട് ചോദിച്ചു.
