ഇവിടെ മുകള്‍ത്തട്ടില്‍ നല്ല ചൂടാണ്..
ചുറ്റും വെന്തു പതയുന്ന അപരാഹ്നം. താഴേത്തട്ടില്‍ ഇതിലും ചൂടുണ്ടായിരിക്കണം. മേലാസകലം വിയര്‍ത്തൊട്ടിയ ദേഹങ്ങളോടുകൂടി, പ്രത്യേകിച്ച് ഒന്നിനുമല്ലാതെ താഴെ വട്ടംകൂടി നില്‍ക്കുന്ന ജനാവലിക്കുള്ളില്‍ ഹെല്‍മെറ്റ് ചൂടിയ യൂണിഫോംധാരികളും ധൂമകിരീടങ്ങളണിഞ്ഞ സാധാരണക്കാരും പെടും. ആരും, ഒരു പൈസ പോലും വിലയിടാത്ത എന്റെ ജീവനെന്ന മത്സ്യത്തിന്റെ കീഴ്‌പ്പോട്ടുള്ള കുതിപ്പും കാത്ത്, കണക്കുകൂട്ടി വലവിരിച്ച്, തപ്പ് കൊട്ടുന്ന ഹൃദയമിടിപ്പുകളോടെ ചുവടെ കാത്തു നില്‍ക്കുകയാണവര്‍.
ഈ മെട്രോ തൂണിന്റെ ഉച്ചിയില്‍ നിന്നുകൊണ്ടു മാത്രം സാധ്യമാകുന്ന നഗരക്കാഴ്ചകള്‍ അതിരമണീയമാണ്. സാധാരണഗതിയില്‍ അപ്രാപ്യമെങ്കിലും, ഇവിടം വരെ ഏതുവിധേനയെങ്കിലും എത്താന്‍ സാധിക്കുന്നവന് അതാസ്വദിക്കാനുള്ള വിധിയുണ്ടാവണമെന്നില്ല. ഇപ്പോള്‍, ഇവിടെ നിന്ന് നോക്കുമ്പോള്‍, താഴെ മെട്രോ പാലത്തിന്റെ നിഴലിലുറങ്ങുന്ന റോഡിന്റെ ഒരു തുണ്ടു മാത്രമായി ചുരുങ്ങിയിരിക്കുന്നു ലോകമാസകലം.
ഇവിടം വരെ എത്തിച്ചേരുകയെന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. പല കാലങ്ങളിലായി മുന്നിലുള്ള എല്ലാ വഴികളും ഓരോന്നോരോന്നായി അടഞ്ഞുമൂടിക്കൊണ്ടേയിരുന്ന എനിക്ക് തിരഞ്ഞെടുക്കാന്‍ മറ്റുപായങ്ങളൊന്നും ബാക്കിയില്ലായിരുന്നു. എന്റെ കണ്‍മുന്നില്‍ അവശേഷിക്കുന്ന ഏകവഴി - നിവൃത്തിയില്ലായ്മയുടേത് മാത്രമായിരുന്നു.
