'ആത്മ വിമര്‍ശനമെന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായി മാത്രം സംഭവിക്കുന്ന ഒന്നാണ്, എന്തുകൊണ്ടെന്നാല്‍ അത് ആത്മാവിനെ തിരിച്ചറിഞ്ഞ ഒരുവനു മാത്രം സാധ്യമാകുന്ന ഒന്നായതു കൊണ്ടു തന്നെ...'
അവനുള്ളില്‍ പ്രസംഗത്തില്‍ കേട്ട ആ ഭാഗം മാത്രം അലയടിച്ചു കൊണ്ടിരുന്നു. പൂഞ്ചിറയെന്ന മലയോരഗ്രാമത്തിലെ യുവ കലാസമിതിയുടെ വാര്‍ഷികാഘോഷത്തോടാനുബന്ധിച്ചു നടന്ന ചടങ്ങിലെ ആമുഖ പ്രസംഗത്തിലെ ഏറ്റവും കാതലായ വരികളായിരുന്നു അത്. ലൂസിഫര്‍ എന്ന നാട്ടുകാരുടെ ലൂക്കോച്ചനെ ആത്മീയത കൊളുത്തിവലിച്ചു. ആദ്യമാദ്യം പേരിനോട് തോന്നിയ അപകര്‍ഷത പള്ളിയിലെ പുതിയ വികാരിയുടെ സരസമായ വീക്ഷണത്തില്‍ ആശ്വാസം കൊണ്ടു, അതിങ്ങനെയായിരുന്നു..
'നീ വിഷമിക്കണ്ടെടാ കൊച്ചനെ, ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫര്‍. ഇടക്ക് വെച്ചൊന്ന് വഴിപിഴച്ചു പോയി, അങ്ങനെ വരാതെ നീ അങ്ങ് സൂക്ഷിച്ചാ മതിയെന്നെ. അതായത് കര്‍ത്താവിന്റെ നല്ല കുഞ്ഞാടായി അങ്ങ് പോണം അത്രേയുള്ളൂ..'
