ഈ അടുത്ത് പത്താം ക്ലാസ്സിലെ ഒരു റഫ് ബുക്ക് കൈയില്‍ കിട്ടി. താളുകള്‍ മറിച്ചുനോക്കി അങ്ങനെയങ്ങ് പോയപ്പോള്‍ ഒരു താളില്‍ എന്റെ കണ്ണുകളുടക്കി. പടങ്ങളും വാചകങ്ങളുമൊക്കെയായി വൈവിധ്യമാര്‍ന്ന ഒരു താള്‍.
'വരാന്തയില്‍ നിന്നും ഇടത്തേക്കുള്ള വഴിയേ ഒരു മിനിറ്റ് നടക്കുമ്പോള്‍ നിനക്കൊരു മുറി കാണാന്‍ കഴിയും. അതിനുള്ളില്‍ കയറിയാല്‍ ഇരുട്ട് മൂടി അന്ധകാരനിബിഢമായ ഒരു രാത്രി പോലെ നിനക്ക് തോന്നും. പേടിക്കണ്ട, വാതില്‍ തുറന്ന് കയറിക്കോളൂ. ആവശ്യമില്ലാത്ത എന്തൊക്കെയോ പഴഞ്ചന്‍ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്റ്റോറേജ് റൂമാണ്. അതിന്റെ പിന്‍വശത്തേക്ക് ചെല്ലുക. രണ്ട് വാതിലുകള്‍ കാണാം. അതില്‍ ഒരു വാതില്‍ തുറന്നാല്‍ എളുപ്പത്തില്‍ ഗ്രൗണ്ടിലേക്കും മറ്റേ വാതില്‍ തുറന്നാല്‍ എളുപ്പത്തില്‍ ലൈബ്രറിയിലേക്കും പോകാം.
വലതുഭാഗത്തുള്ള വാതില്‍ തുറക്കുക. ഇടുങ്ങിയ വഴിയാണ്, സൂക്ഷിക്കണേ. ഒരാള്‍ക്ക് കഷ്ടിച്ച് നില്ക്കാനുള്ള ഇട കാണും. മഴക്കാലം ആയതുകൊണ്ട് തെന്നിക്കിടക്കുകയായിരിക്കും. സ്‌കൂള്‍ മുറ്റത്തെ മുത്തശ്ശിമാവിന്റെ ഇലകള്‍ പൊഴിയുന്നതില്‍ ഭൂരിഭാഗവും ഇവിടേക്കാണ് വീഴുന്നത്. മെല്ലെ മുന്നോട്ട് പോകുമ്പോള്‍ കോണിപ്പടികള്‍ കാണാന്‍ കഴിയും. സൂക്ഷിച്ചു, സൂക്ഷിച്ച് അതിലെ കയറി മുകളിലേക്ക് ചെല്ലുക. സ്‌കൂളിന്റെ ഏറ്റവും ഉയരത്തിലുള്ള സ്ഥലത്താണ് നീയിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
