അയാള്‍ ബസ്സില്‍ നിന്നിറങ്ങി. ഒരു ദീര്‍ഘ യാത്രയുടെ മുഴുവന്‍ ക്ഷീണവും അയാളില്‍ പ്രകടമാണ്. ഉച്ചവെയില്‍ അയാളെ ഒന്നുകൂടി മുഷിപ്പിച്ചു. കുറച്ചുനേരം ആ ബസ്സ്‌റ്റോപ്പില്‍ തന്നെ നിന്നു. ബസ്സ് നീങ്ങിയതിനോടൊപ്പം അന്തരീക്ഷത്തില്‍ കലര്‍ന്ന പൊടിപടലങ്ങള്‍ ഒന്ന് ശമിച്ചപ്പോള്‍, അയാള്‍ അവിടെ നിന്നും വലത്തേക്ക് തിരിയുന്ന വഴിയെ നടന്നു. ഒരു കുളിര്‍ക്കാറ്റ് അയാളെ തഴുകി കടന്നു പോയി. അതുവരെ ഉണ്ടായിരുന്ന ധൈര്യം ആ കാറ്റില്‍ അലിഞ്ഞ് ഇല്ലാതായി.
അയാള്‍ സ്വയം അറിയാതെ ആ വീഥിയില്‍ എത്തിപ്പെട്ടതു പോലെ, ചുറ്റും നോക്കി. അയാളെ ഭയം വരിഞ്ഞു മുറുക്കുകയാണ്. മുന്നോട്ടു നടക്കുക എന്നത് പോലും ശ്രമകരമാണ്. ഈ വഴിയേ ഞാന്‍ കളിച്ചു നടന്നിട്ടുണ്ട്. ചിരിച്ചു ഉല്ലസിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ ഇതെന്നെ ഭയപ്പെടുത്തുകയാണ്. ഈ വഴി ചെന്ന് അവസാനിക്കുന്നത് ഞാന്‍ പിറന്ന മണ്ണിലാണ്. തല ഉയര്‍ത്തി പിടിച്ച് അങ്ങോട്ട് പോകാന്‍ എനിക്കു കെല്‍പ്പില്ല. എന്റെ കാലുകള്‍ വിറയ്ക്കുകയാണ്. ഞാന്‍ ഇവിടെ വീണു പോകും. പക്ഷെ വേറെ എവിടേക്കാണ് പോവുക? തനിക്ക് ആരാണുള്ളത്? മറ്റൊരിടത്തും തനിക്ക്... അയാള്‍ ദീര്‍ഘമായി ശ്വസിച്ചുകൊണ്ടു പതിയെ മുന്നോട്ടു നടന്നു.
തന്റെ ഹൃദയം, 'ഞാന്‍ - എന്റെ ജീവിതം..' എന്ന് മിടിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. അയാള്‍ ഓരോ ചുവടു വെച്ചപ്പോഴും അതു കൂടുതല്‍ വ്യക്തവും സ്പഷ്ടവും ആയികൊണ്ടിരുന്നു. ആ മിടിപ്പിന്റെ വേഗത അയാളുടെ ശ്വസനത്തെ പോലും ബാധിക്കുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ അയാള്‍ കുറച്ചു നേരം നിന്നു. എന്നിട്ട് യാത്ര തുടര്‍ന്നു. ജീവിതം തനിക്ക് ഒരു സുന്ദര കാവ്യമായിരുന്നില്ല. ഒരിക്കല്‍, അങ്ങനെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ വിധാതാവിന് എന്തുമാകമല്ലോ. അല്ല, തന്റെ ചെയ്തികളില്‍ മനംനൊന്തു കഴിയുന്ന ആ നിര്‍ഗുണപരബ്രഹ്മത്തെ ഞാന്‍ പഴിക്കില്ല. എന്നെ മനുഷ്യനായി പടച്ചതിനു, ഞാന്‍ അതിനു നല്‍കുന്ന ഇനാം ആണത്.
