കുട്ടന്‍

Readers Ink

കുട്ടന്‍


നിങ്ങള്‍ തിരക്കിലാണോ? എന്റെ കൂടെ വരുമോ കുറച്ചു ദൂരം? എങ്കില്‍ വാ... നമുക്ക് നടക്കാം. എന്റെ ട്രെയിന്‍ രാത്രി പത്തുമണിക്കേയുള്ളൂ. കൂടെ വന്നാ ഞാനൊരു കഥ പറയാം. എന്റെ കഥയാ. ചുമ്മാ കേട്ടോ.. അപ്പോഴേക്കും എന്റെ ട്രെയിന്‍ വരും.

എന്റെ പേര് അപ്പുക്കുട്ടന്‍. എല്ലാവരും കുട്ടന്‍ എന്നേ വിളിക്കൂ. എനിക്ക് അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്നതാണിഷ്ടം. കുട്ടാന്ന് വിളിക്കുന്നവരോട് ഞാന്‍ അപ്പുക്കുട്ടാന്ന് വിളിക്കാന്‍ പറയും. ആരും കേള്‍ക്കില്ല. കേള്‍ക്കാത്തതല്ല. ഞാന്‍ പറയുന്നത് അവര്‍ക്ക് മനസ്സിലാവില്ല. അതാണ് പ്രശ്‌നം. അച്ഛന്‍ മാത്രം അപ്പുക്കുട്ടാന്ന് വിളിക്കും. അമ്മേക്കാള്‍ അച്ഛനാണ് എനിക്കിച്ചിരി സ്‌നേഹം കോരി തന്നോണ്ടിരുന്നത്. അമ്മയ്ക്ക് അത് പിടിക്കത്തില്ല. ഞാന്‍ മൂത്തതാണെണെങ്കിലും അമ്മയ്ക്ക് സ്‌നേഹം കൂടുതല്‍ എന്റെ രണ്ട് അനിയത്തിമാരോടായിരുന്നു. അമ്മ അവര്‍ക്ക് വയറു നിറച്ച് സ്‌നേഹം കോരിക്കൊടുക്കുന്നത് ഞാന്‍ കതകിന്റെ വിടവിലൂടെ കണ്ടിട്ടുണ്ട്. ഞാന്‍ ചോദിക്കാനൊന്നും പോയിട്ടില്ല. ചോദിച്ചാല്‍ കിട്ടില്ലെന്നറിയാം. ഞാന്‍ വീടിന്റെ ഏതേലും മൂലേ പോയിരുന്ന് കൊറേ കരയും.

കരഞ്ഞു കഴിയുമ്പോള്‍ ഇച്ചിരി ആശ്വാസം കിട്ടും. പിന്നെ ഞാന്‍ കൊറേ ചിരിക്കും. എന്നിട്ട് ഞാന്‍ അപ്രത്തെ വീട്ടിലെ മണിയനേം, വടക്കേ വീട്ടിലെ സുരേഷിനേം വിളിച്ചോണ്ട് കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന വിരിപ്പ് കണ്ടത്തിലേക്കോടും. കതകിന്റെ വിടവിലൂടെ കണ്ട കാഴ്ച മനസ്സീന്ന് കളയാന്‍ ഞാന്‍ കണ്ടത്തില്‍ തല കുത്തി മറിയും. തോട്ടിലെ വെള്ളത്തില്‍ മുങ്ങാം കുഴിയിട്ടു കളിക്കും. മണിയനും സുരേഷും എന്റെ തോളില്‍ കേറിയിരുന്ന് എന്നെ തോട്ടില്‍ മുക്കാന്‍ നോക്കും. ഞാന്‍ ബലം പിടിച്ച് ചെളിയില്‍ കാലമര്‍ത്തി നിക്കും. എനിക്ക് നല്ല ബലമാ. ഞാന്‍ നല്ലോണം ശാപ്പാടടിക്കും. അമ്മയ്ക്കിഷ്ടമല്ല അതൊന്നും.


Related Articles