പുരയിടത്തിന്റെ പിന്നിലെ അതിരിനോട് ചേര്‍ന്നാണ് ആ കൊച്ചു വീട്. ചെറിയ മുറ്റം കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലത്ത് നിറയെ പലവിധം പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും കുറച്ചു തെങ്ങുകളും. അയല്പക്കത്തൊക്കെ പ്രഭാത സൂര്യന്‍ പറമ്പിലേക്ക് വെളിച്ചം വിതറിയെങ്കിലും സവിത - മാമാന്‍ ദമ്പതികളുടെ ആ പുരയിടത്തിലേക്ക് ഇറങ്ങാന്‍ മടി കാണിച്ചു നില്‍പ്പാണ്. തലേന്ന് രാത്രിയിലെ മഞ്ഞ് നനച്ചിട്ട് പോയ മരങ്ങളും ചെടികളുമൊക്കെ മണ്ണിന് പച്ചക്കുട ചൂടി നില്‍ക്കുന്നു.
ഷീറ്റ് മേഞ്ഞ മുറ്റം പിന്നിട്ട് ചൂല് അവള്‍ക്കൊപ്പം പറമ്പിലേക്കിറങ്ങി. മുറ്റത്ത് പൊടി പറത്തിയാണ് ചൂല് നടന്നതെങ്കില്‍ അതിര്‍ത്തി പിന്നിട്ടപ്പോള്‍ വരവേറ്റത് നേര്‍ത്ത നനവുള്ള മണ്ണാണ്. തലേ രാത്രിയില്‍ കാറ്റ് പൊഴിച്ച ഇലകളും ശൈശവത്തിലേ മരണം പൂണ്ട പൂക്കില മുതല്‍ വലുതായി മനുഷ്യരെ കരയിപ്പിക്കേണ്ട മുളകിന്റെ പൂക്കള്‍ വരെ പലയിടത്തായി പൊഴിഞ്ഞു കിടപ്പുണ്ട്. ചൂല് അവയെയെല്ലാം തള്ളിത്തള്ളി തെങ്ങിന്‍ ചുവട്ടിലേക്ക് നീക്കിയിട്ടു സഞ്ചാരം തുടര്‍ന്നു.
വയറു വീര്‍ത്ത് പൊട്ടിയ നിലയില്‍ നിരവധി കോയക്കപ്പുളികളും മുറ്റത്തേക്കുള്ള വഴിയോട് ചേര്‍ന്ന് വീണു കിടപ്പുണ്ട്. അവയെ നീക്കാനുള്ള ശ്രമത്തില്‍ പലതില്‍ നിന്നും നീര് തെറിച്ചു. ചൂലിനൊപ്പം സവിതയുടെ കാലുകളിലും കണങ്കാലിന് മേലെ ഞാന്നു കിടന്ന മാക്‌സിയിലും അവ വന്നു വീണു. തലേന്ന് രാത്രിയില്‍ കോയക്കപ്പുളിയെ ചൊല്ലിയുണ്ടായ സംസാരം അവളോര്‍ത്തെടുത്തു.
