കാളപൂട്ട്

Readers Ink

കാളപൂട്ട്


താമിക്കും കെട്ട്യോള് ജാനൂനും മക്കള് ഒന്‍പതാ; അതില്‍ ഒന്‍പതാമത്തെതാണ് ഉണ്ണിച്ചെക്കന്‍. അതും ആകെ ഉണ്ടായിരുന്ന ഒരാണ്‍തരി. അവന്‍ ഭൂമിയിലേക്ക് വന്നത് തന്നെ ആകാശം ഇടിവെട്ടിപ്പൊഴിയുന്ന ഒരു പേമാരിയുടെ നടുവിലായിരുന്നു.

താമിയുടെ ഭാര്യ ജാനു പത്താം മാസം പേറ്റുനോവ് കൊണ്ട് പുളയുമ്പോള്‍, ആ പൊരയിലെ ഓരോ കോണിലും ആകാംഷയുടെയും പ്രാര്‍ത്ഥനയുടെയും അലകള്‍ നിറഞ്ഞുനിന്നിരുന്നു. കാരണം, ഇതിനുമുമ്പ് എട്ടെണ്ണത്തിനെ ജാനു പെറ്റു, പക്ഷേങ്കില് എട്ടെണ്ണോം പെണ്ണായിരുന്നു. അതില് മൂന്നെണ്ണം ദീനം വന്ന് പെറ്റു തൊണ്ണൂറ് തികയും മുമ്പേ മരിച്ചു. ഇത്രക്കും എണ്ണം പിള്ളേരെ വളര്‍ത്താന്‍ താമിക്കും ജാനൂനും കെല്‍പ്പുണ്ടായിട്ടോന്നല്ല. മിക്കപ്പോഴും താമിന്റെ പൊരേല് പട്ടിണിയും പരിവട്ടവും തന്നെയായിരുന്നു, എങ്കിലും ഓന്റെ ഒരാഗ്രഹമായിരുന്നു ഒരു ആണ്‍തരി വേണന്ന്.

നാട്ടിലും മറുനാട്ടിലും പേരെടുത്ത 'കാളപൂട്ട്' കളിക്കാരനായിരുന്നു താമി. അയാള്‍ക്ക് 'മരമടി' എന്നാല്‍ മൃഗത്തോട് മനുഷ്യന്‍ എതിരിടുന്നതിന് പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന വാശിയേറിയൊരു കളി മാത്രമായിരുന്നു. നാട്ടിലെ കാളപൂട്ട് മത്സരങ്ങളെക്കുറിച്ചും അതിന്റെ ആവേശത്തെക്കുറിച്ചും താമി പലപ്പോഴും നാലാള്‍ കൂടുന്നിടത്തെല്ലാം വാചാലനാകുമായിരുന്നു. ഓരോ മത്സരവും അയാള്‍ക്ക് പുതിയ അനുഭവങ്ങളായി. മൂരികളെ പരിശീലിപ്പിക്കുന്നതിലും അവയെ മത്സരത്തിനായി തയ്യാറാക്കുന്നതിലും അയാള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ആ നാട്ടിലെ പലര്‍ക്കും ദൈവം ഈ കാര്യത്തിനുവേണ്ടി മാത്രമായിരിക്കും താമിയെ ഈ ദുനിയാവില്‍ പടച്ചതെന്ന് തോന്നിയിട്ടുണ്ട്.


Related Articles