കായംകുളം കമ്പോളത്തിലെ പച്ചമരുന്നുകളും പലവ്യഞ്ജനവും മണക്കുന്ന തെരുവിന്റെ അങ്ങേയറ്റം നാല് റോഡില്‍ വച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കാലനെ കണ്ടത്. ശരിക്കും പറഞ്ഞാല്‍ കാലന്‍ ബാലന്‍ പിള്ളയെ..!
പണ്ടത്തെ അതേ നോട്ടം. ഇരയെടുത്തു പോകുന്ന പുലിയുടെ പാളി നോട്ടം. പണ്ടത്തെപ്പോലെ എനിക്ക് പേടി തോന്നിയില്ല. പണ്ടും കാലന്‍ അങ്ങനെയാണ്. അയാളുടെ സൈക്കിളില്‍ ഗ്രാവലിട്ട ടാറിന്റെ അംശമില്ലാത്ത റോഡിലൂടെ പാഞ്ഞു പോകുമ്പോള്‍ അയാള്‍ മനുഷ്യരുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല. മനുഷ്യരുടെ കണ്ണുകള്‍ അയാളുടെ വിഷയമായിരുന്നില്ല ഒരിക്കലും എന്ന് തോന്നും.
ഞങ്ങളുടെ നാടിന്റെ ഗതി മാറുന്നത് എഴുപത്തി എട്ടിന് ശേഷമാണ്. ജനറല്‍ റിസര്‍വ്വ് എഞ്ചിനീയറിംഗ് ഫോഴ്‌സ് - ഗ്രെഫ് എന്ന സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് നാട്ടുകാര്‍ കൂട്ടമായി പോയി ചേര്‍ന്ന് തുടങ്ങിയത് അക്കാലത്തായിരുന്നു. ഒരു പക്ഷെ, ബാലന്‍ പിള്ള കാലനാകുന്നത് അക്കാലത്താണ്.
