കാട് തീരുന്നില്ല

Readers Ink

കാട് തീരുന്നില്ല


ഗര്‍ജ്ജനം കേട്ടിട്ട് അത് കടുവയുടെ ഗര്‍ജ്ജനമാണോന്ന് അയാള്‍ക്ക് സംശയമായിരുന്നു. അയാളിതുവരെ കടുവയുടെ അലര്‍ച്ച കേട്ടിട്ടുണ്ടായിരുന്നില്ല. അയാള്‍ ഇപ്പോഴുള്ള സ്ഥലം ഏതാണെന്നും അയാള്‍ക്ക് നിശ്ചയമില്ല. കടുവയും, പുലിയുമുള്ള വലിയൊരു കാടിന് നടുവിലാണ് താനെന്ന് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്.അയാള്‍ നില്ക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഒരു വഴി നീണ്ടു പോകുന്നുണ്ട് ഒരു ചെറിയ പുല്‍നാമ്പ് പോലും ഉയര്‍ന്നു നില്ക്കുന്നത് കാണാത്തത് കൊണ്ട് ആളുകള്‍ ചവിട്ടി നടക്കുന്ന വഴിയാണതെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസിലായി. എങ്കിലും അയാളുടെ മനസ്സിന്റെയത്ര നിഗൂഢതയൊന്നും ആ കാടിന് ഇല്ലായിരുന്നു.

ഒരു പുള്ളിമാന്‍ അയാളുടെ കാലുകളെ ഉരസിക്കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് അപ്രത്യക്ഷമായി. അയാള്‍ ആദ്യമായിട്ടായിരുന്നു മാനിനെ കാണുന്നത് ചിത്രങ്ങളില്‍ കാണുന്ന അതേപടിതന്നെ ഒരു മാറ്റവുമില്ല, രാത്രിക്ക് മുന്‍പ് ആ വഴി ലക്ഷ്യമാക്കി നടന്ന് പുറത്തേക്കെത്തണം മനുഷ്യരെ തിരയണം, മനുഷ്യന് മറ്റൊരു മനുഷ്യന്റെ മണം വേണമെന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വനങ്ങളില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന വണ്ണമുള്ള മരങ്ങളെ അയാള്‍ നല്ല പോലെ നിരീക്ഷിച്ചു. എല്ലാറ്റിന്റേയും തൊലി ഊര്‍ന്ന് പോയിരിക്കുന്നു. എത്ര കാലമായിക്കാണും ഇവയൊക്കെ ഈ കാടിനുള്ളില്‍ വളരാന്‍ തുടങ്ങിയിട്ട് ? ഒരേ നില്പ്, ഒടുക്കം ഒരു കടപുഴകല്‍ അല്ലെങ്കില്‍ ആരേലും മഴുവെച്ച് വീഴ്ത്തും അതായിരിക്കും ഇതിന്റെയൊക്കെ ജീവിത കഥ .

എല്ലാ ജീവജാലങ്ങളുടേയും സ്വസ്ഥമായ ഇടം ഒരുപക്ഷേ ഈ കാടുകളായിരിക്കും. വിട്ടിട്ട് പോകാന്‍ അയാളുടെ മനസ്സ് അനുവദിക്കാത്തത് പോലെ പക്ഷേ രാത്രി ഈ കാടിന് മറ്റൊരു മുഖം ഉണ്ടെങ്കിലോ അതയാളെ ഭയപ്പെടുത്തി. അയാളുടെ കാലില്‍ കടിച്ചു പിടിച്ച നാല് അട്ടകളെ അയാള്‍ പറിച്ചെടുത്ത് നിലത്തിട്ടു. മുകളിലേക്ക് കഴുത്ത് ഉയര്‍ത്തിപ്പിടിച്ച് ഒരു പ്രത്യേക താളത്തില്‍ അട്ടകള്‍ ശരവേഗത്തില്‍ ചപ്പ് ചവറുകള്‍ക്കുള്ളിലേക്ക് ഒളിച്ചു. അയാള്‍ മനസ്സില്‍ മന്ത്രിച്ചു 'ഒളിയ്ക്കാന്‍ പറ്റിയ സ്ഥലം'. അല്ലെങ്കില്‍ ഞാനെന്തിന് ഒളിയ്ക്കണം, ഒളിച്ചോടാന്‍ മാത്രം ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ.


Related Articles