ജൂത തെരുവ്

Readers Ink

ജൂത തെരുവ്


രാത്രിയുടെ തുടക്കമാണ്. ജൂത തെരുവില്‍ സായാഹ്നത്തിലെ മഴ അവശേഷിപ്പിച്ച തണുപ്പിലൂടെ അയാള്‍ നടക്കുകയായിരുന്നു. പാതയുടെ ഇരുവശത്തും കടലാസ് പൂക്കളുടെ ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ അത് വ്യക്തമായി കാണാം. അയാള്‍ ചുറ്റും നോക്കി. കണ്ണുകളില്‍ അവ്യക്തമായ ഒരു തരം പരവേശം.

അപരിചിതയായ ലൂസി ഡഗ്ലസ് എന്ന യുവതി ഒപ്പമുണ്ട്. അവള്‍ക്ക് പിന്നിലായി ജൂത തെരുവിലെ പഴയ സെമിത്തേരി കണ്ടപ്പോള്‍ അയാള്‍ക്ക് ഭയം തോന്നി. ചെടികള്‍ മൂരി നിവര്‍ന്ന് മഴത്തുള്ളികളെ കുടഞ്ഞിടുന്നുണ്ടായിരുന്നു. വഴികളെ കുറിച്ച് അയാള്‍ക്ക് ധാരണയുണ്ടായിരുന്നില്ല. ബന്ധുവായ ക്ലീറ്റസ് പെരേരയുടെ വീട് തേടിയുള്ള അന്വേഷണത്തിലാണയാള്‍. അത് ജൂത തെരുവിലെവിടെയോ ആണ് എന്നത് മാത്രമാണ് ഏക ഓര്‍മ്മ. വിലാസമടങ്ങിയ ബാഗ് നഷ്ടമായില്ലായിരുന്നുവെങ്കില്‍ അയാള്‍ക്ക് വഴികളെയും പാതകളെയും കുറിച്ച് നേരിയ ധാരണയെങ്കിലുമുണ്ടായിരുന്നേനെ.

അയാള്‍ക്ക് വിശപ്പ് തോന്നി. ക്ലീറ്റസ് പെരേരയ്ക്കായി മമ്മ കൊടുത്തുവിട്ട പോര്‍ക്ക് വരട്ടും പാലപ്പവുമെല്ലാം ബാഗിലായിരുന്നു. ഒപ്പം അപ്പന്‍ എഴുതി കൊടുത്ത വിലാസവും. ഈ വഴി താനെങ്ങനെ എത്തിപ്പെട്ടുവെന്നായിരുന്നു അയാള്‍ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്. ആ പഴയ സെമിത്തേരിക്കടുത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന അയാളെ ഉണര്‍ത്താന്‍ താനൊരുപാട് ശ്രമപ്പെട്ടുവെന്ന് ലൂസി പറഞ്ഞു.


Related Articles