ഇരുതലയന്‍ ബീഡി

Readers Ink

ഇരുതലയന്‍ ബീഡി


അച്ഛനെ കുളിപ്പിക്കുമ്പോള്‍ എന്റെ നേര്‍ത്ത വിരലുകള്‍ ഉറവ വറ്റിയ വാരിയെല്ലിന്റെ ചാലുകളിലൂടെ അറിയാതെ കൈ ഓടിച്ചു. സ്‌നേഹത്തിന്റെ വണ്ടികള്‍ തുള്ളി അമര്‍ന്ന നെടുനീളന്‍ ഹമ്പുകള്‍. പതഞ്ഞ ചന്ദ്രിക സോപ്പിന്റെ മൂക്ക് മയക്കുന്ന മണത്തില്‍ വിരലുകള്‍ പിന്നെയും ഓടി. മെലിഞ്ഞ മേനി തുടച്ചു മിനുക്കി വെള്ള പുതച്ചു കിടത്തിയപ്പോള്‍ പതിവായി വാതിക്കല്‍ കുളിച്ചു വന്നിരിക്കുന്ന അച്ഛന്റെ മണം കത്തുന്ന കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും ഇടയിലേക്ക് ചത്തു വീണു.

ചിത കത്തി പുക ഉയരുമ്പോഴും ആകാശത്ത്, കൂട്ടം തെറ്റിയ പുകപാടുകളെ തിരയുക മാത്രമായിരുന്നു ഞാന്‍. അവയില്‍ ഒരായുസിന്റെ ശൂന്യതയുണ്ട്.. ബീഡി വലിച്ചു വീര്‍ത്ത ശ്വാസകോശത്തില്‍ നിന്നും കത്തി പൊങ്ങിയ കറുത്ത പുകയ്ക്ക് വേണ്ടി ഉള്ള പരതല്‍, അവ ആകാശത്ത് മുട്ടിയാല്‍ കുരച്ചു കുരച്ചു ചോര തുപ്പി ചാവുന്ന നക്ഷത്രങ്ങളെയും മേഘങ്ങളെയും പറ്റിയുള്ള വെമ്പല്‍. ആ മേഘങ്ങള്‍ മഴയായി പെയ്യുന്നതും കായലുകളില്‍ വന്നു നിറയുന്നതും വരെ.

എന്റെ ചെറുപ്പം മുതല്‍ തന്നെ ഇന്നലെ അച്ഛന്‍ അവസാനിക്കും വരെ വീടിന്റെ വൈകുന്നേരങ്ങളില്‍ ഉമ്മറത്തിന്റെ രണ്ടറ്റം രണ്ടു വൈരുധ്യങ്ങളുടെ കേന്ദ്രമായിരുന്നു. നടു വളഞ്ഞിട്ടും എല്ലു തയഞ്ഞിട്ടും ചൊവപ്പ് നൂലില്‍ ജീവിതം തെറുപ്പിച്ചു, ബീഡിയുണ്ടാക്കുന്ന അമ്മ. മറ്റേ അറ്റത്തു കൂലിക്ക് മുക്കാലും ചന്തുവേട്ടന്റെ കൂട്ടില്‍ കൊടുത്തു ബീഡി വാങ്ങി കുരച്ചു കുരച്ചു ജീവിതം വലിക്കുന്ന അച്ഛന്‍.


Related Articles